
ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക്
2024ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന നോവലിനാണ് സമ്മാനം. ബുക്കർ പ്രൈസ് ജേതാവിന് 50 ലക്ഷത്തിലധികം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്. 2019 നു ശേഷം ബുക്കർ പുരസ്കാരം നേടുന്ന ആദ്യ വനിതയാണ് സാമന്ത ഹാർവി.
അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടൻ, ജപ്പാൻ, എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർ 24 മണിക്കൂറിനുള്ളിൽ 16 സൂര്യോദയങ്ങൾക്കും അസ്തയമങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങളിൽ നിന്നുള്ള ഭൂമിയുടെ വീഡിയോകൾ കാണാനിടയായതാണ് നോവൽ എഴുതാനുണ്ടായ പ്രചോദനമെന്ന് 2023ൽ സാമന്ത പറഞ്ഞിരുന്നു.
ആൻ മൈക്കൽസ് എഴുതിയ ഹെൽഡ്, റേച്ചൽ ക്രുഷ്നറുടെ ക്രിയേഷൻ ലെയ്ക്ക്, യേൽ വാൻ ഡെൽ വൂഡന്റെ ദ സെയ്ഫ് കീപ്പ്, ഷാർലറ്റ് വുഡിന്റെ യാർഡ് ഡിവോഷണൽ, പേഴ്സിവൽ എവെറെറ്റ് എഴുതിയ എന്നിവയെ പിന്തള്ളിയാണ് ഓർബിറ്റൽ പുരസ്കാരം നേടിയത്. ഭാവനാത്മക സാഹിത്യത്തിനുള്ള ഹോത്തോൺഡെൽ പുരസ്കാരം നേടിയ കൃതിയാണ് ഓർബിറ്റൽ. കൂടാതെ പൊളിറ്റിക്കൽ ഫിക്ഷനുള്ള ഓർവെൽ പുരസ്കാരത്തിനും ഫിക്ഷനുള്ള ഉർസുല കെ ലെ ഗ്വിൻ പുരസ്കാരത്തിനുമുള്ള ചുരുക്കപട്ടികയിൽ ഓർബിറ്റൽ സ്ഥാനം പിടിച്ചിരുന്നു. സാമന്തയുടെ ആദ്യ നോവലായ 'ദി വൈൽഡർനെസ്' 2009ലെ ബുക്കൽ പ്രൈസ് പട്ടികയിൽ ഇടം പിടിച്ചിരുന്നു.


