TMJ
searchnav-menu
post-thumbnail

TMJ Daily

ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര: നാലാം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ രണ്ടക്കം കടന്നത് രണ്ട് ഇന്ത്യക്കാര്‍ മാത്രം

30 Dec 2024   |   2 min Read
TMJ News Desk

ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം. മെല്‍ബണ്‍ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ രണ്ടക്കം കടന്നത് രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ മാത്രം. സ്‌കോര്‍ ബോര്‍ഡിലെ മൂന്നാമത്തെ രണ്ടക്കം എക്‌സ്ട്രാസിന്റേതാണ്. 340 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ നേടിയത് 155 റണ്‍സ്. ഓസ്‌ട്രേലിയക്ക് 184 റണ്‍സിന്റെ ജയം.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ സമനില പിടിക്കുമെന്ന പ്രതീക്ഷകള്‍ നല്‍കിയശേഷമാണ് അവസാന ദിനത്തിലെ അവസാന സെക്ഷനില്‍ തോല്‍വി വഴങ്ങിയത്. 34 ഓവറോളം ക്ഷമയോടെ ബാറ്റ് ചെയ്ത് യശ്വസി ജയ്‌സ്വാള്‍ 84 റണ്‍സും 18 ഓവറില്‍ നിന്നും റിഷഭ് പന്ത് 30 റണ്‍സും നേടി. എക്‌സ്ട്രാസായി ഓസീസ് 12 റണ്‍സ് ദാനം ചെയ്തു.

ജയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 40 പന്തില്‍ നിന്നും 9 റണ്‍സും 29 പന്തില്‍ നിന്നും 5 റണ്‍സും രവീന്ദ്ര ജഡേജ 14 പന്തില്‍ നിന്നും 2 രണ്ട് റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 45 പന്തില്‍ നിന്നും 5 റണ്‍സും ആകാശ് ദീപ് 17 പന്തില്‍ നിന്നും 7 റണ്‍സും നേടി. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ ഫോളോഓണ്‍ ഭീഷണിയില്‍ നിന്നും കരകയറ്റിയ കന്നി സെഞ്ച്വറി പ്രകടനം കാഴ്ച്ചവച്ച നിതീഷ് കുമാര്‍ റെഡ്ഡിക്ക് 5 പന്തില്‍ നിന്നും 1 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

മൂന്നിന് 121 റണ്‍സെന്ന നിലയില്‍ നിന്നുമാണ് അവസാന സെഷനില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത്. പത്ത് ഓവറുകള്‍ കൂടി പിടിച്ചു നിന്നിരുന്നെങ്കില്‍ സമനില നേടാമായിരുന്നു.

ആദ്യ മൂന്ന് വിക്കറ്റുകള്‍ 33 റണ്‍സിനിടെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ ജയ്‌സ്വാള്‍- പന്ത് സഖ്യം 88 ഓസീസ് ആക്രമണത്തെ പ്രതിരോധിച്ച് മുന്നേറിയപ്പോഴാണ് പന്ത് പതിവുപോലെ അനാവശ്യ ഷോട്ടിന് പരിശ്രമിച്ച് പുറത്തായത്. ട്രാവിസ് ഹെഡാണ് പന്തിനെ പുറത്താക്കിയത്. ഇതോടെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി.

ജഡേജയും റെഡ്ഡിയും വന്ന വേഗത്തില്‍ തിരിച്ച് ഡ്രസിങ് റൂമില്‍ എത്തി. ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ജയ്‌സ്വാള്‍ വിവാദ ഡിആര്‍എസ് തീരുമാനത്തില്‍ പുറത്തായി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജയ്‌സ്വാളിനെ പിടികൂടി. എന്നാല്‍, പന്ത് ബാറ്റിലോ ഗ്ലൗവിലോ തട്ടിയെന്ന് സ്‌നിക്കോ മീറ്ററില്‍ തെളിഞ്ഞില്ല. പക്ഷേ, പന്തിന്റെ ഗതിമാറ്റം കണക്കിലെടുത്ത് ടിവി അമ്പയര്‍ ഔട്ട് വിധിച്ചു. ഈ തീരുമാനത്തോട് ഫീല്‍ഡ് അമ്പയര്‍മാരോട് ജയ്‌സ്വാള്‍ പ്രതിഷേധം അറിയിച്ചു. ഇത് കളിയിലെ നിര്‍ണ്ണായ തീരുമാനം ആകുകയും ചെയ്തു.





#Daily
Leave a comment