
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കി
രവീന്ദ്ര ജഡേജയുടെ ചെറുത്ത് നില്‍പ്പ്, അവസാന വിക്കറ്റ് കൂട്ടുകെട്ടിന്റെ ഭയരഹിതമായ പോരാട്ടം എന്നിവ ഇന്ത്യയെ ഓസ്‌ട്രേലിയക്കെതിരായ ഫോളോഓണ്‍ ഭീഷണിയില്‍ നിന്നും കരയകറ്റി. 123 പന്തില്‍ നിന്നും 77 റണ്‍സും ആകാശ് ദീപും ജസ്പ്രീത് ബുംറയും ചേര്‍ന്ന് പത്താം വിക്കറ്റില്‍ വേര്‍പിരിയാതെ നേടിയ 39 റണ്‍സിന്റെ കൂട്ടുകെട്ടും ഇന്ത്യയെ നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എന്ന നിലയില്‍ എത്തിച്ചു. വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445-ന് 193 റണ്‍സ് പിന്നിലായാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് അവസാനിപ്പിച്ചത്. 84 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ പുറത്തായശേഷം ഫോളോഓണ്‍ ഒഴിവാക്കാനുള്ള ചുമതല രവീന്ദ്ര ജഡേജയുടേയും നിതീഷ് കുമാര്‍ റെഡ്ഡിയുടേയും ചുമലിലായി. 246 റണ്‍സാണ് ഫോളോഓണ്‍ ഒഴിവാക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇരുവര്‍ക്കും അത് കഴിഞ്ഞില്ല. ജഡേജ 77 റണ്‍സിന് പുറത്തായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 61 പന്തില്‍ നിന്നും 16 റണ്‍സെടുത്തു. മുഹമ്മദ് സിറാജിന് 11 പന്തില്‍ നിന്നും 1 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യ ഫോളോ ഓണ്‍ ആകുമെന്ന് ഏവരും ഉറപ്പിച്ചപ്പോഴാണ് ബുംറയും ആകാശും ചേര്‍ന്ന് പ്രതിരോധം തീര്‍ത്തത്. ബുംറ 27 പന്തില്‍ നിന്നും 10 റണ്‍സും ആകാശ് 31 പന്തില്‍ നിന്നും 27 റണ്‍സും എടുത്ത് പുറത്താകാതെ നില്‍ക്കുന്നു. കമിന്‍സെതിരെ ഫോറടിച്ചാണ് ആകാശ് ഫോളോ ഓണ്‍ മറികടന്നത്. അതേ ഓവറില്‍ ഒരു സിക്‌സും ആകാശ് നേടി.
ഫോളോഓണ്‍ ആയി ഇന്ത്യ വീണ്ടും ബാറ്റിങ് ആരംഭിച്ചിരുന്നുവെങ്കില്‍ അവസാന ദിനം ഓസ്‌ട്രേലിയ ജയിക്കാനുള്ള സാധ്യത കൂടുതലായിരുന്നു.