PHOTO: PTI
കടമെടുപ്പ് പരിധി; കേന്ദ്ര സര്‍ക്കാരിന്റെ ഉപാധി തള്ളി കേരളം
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഒറിജിനല്‍ സ്യൂട്ട് സംസ്ഥാനം പിന്‍വലിച്ചാല്‍ കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉപാധി തള്ളി കേരളം. കേസ് പിന്‍വലിച്ചാല്‍ 13,600 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് തള്ളുകയായിരുന്നു. ഒറിജിനല്‍ സ്യൂട്ട് നല്‍കിയത് ന്യായമായ അവകാശത്തിന് വേണ്ടിയാണെന്നും അത് പിന്‍വലിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. മാര്‍ച്ച് 6,7 തീയ്യതികളില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വിശദമായ വാദം കേള്‍ക്കും.
കേരളം ആവശ്യപ്പെട്ടത് 26,000 കോടി
26,000 കോടി രൂപ അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് സുപ്രീം കോടതി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് ചര്‍ച്ചയിലൂടെ പരിഹാരം കാണാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ധനമന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാടാണെന്നും, മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ഊര്‍ജമേഖലയിലെ ആവശ്യങ്ങള്‍ക്കായി 5000 കോടിവരെ കടമെടുക്കാന്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് അനുമതി നിഷേധിച്ചത് കേസിന്റെ പേരിലാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി.