PHOTO: WIKI COMMONS
കടമെടുപ്പ്; കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. ഹര്‍ജി വിശദമായി പരിഗണിക്കേണ്ടതിനാല്‍ ഭരണഘടനാ ബെഞ്ചിന് കൈമാറുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാനാകുമെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.
കൂടുതല്‍ കടമെടുക്കാന്‍ നിലവില്‍ കേരളത്തിന് അനുവാദമില്ല. വിഷയത്തില്‍ കേന്ദ്ര നിബന്ധന പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു. പതിനായിരം കോടി രൂപ കൂടി അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കേന്ദ്രത്തോടും കേരളത്തോടും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കോടതി വീണ്ടും വാദം കേട്ടു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറിയതെന്ന് കേരളം ചൂണ്ടിക്കാട്ടിയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടിപി യുടെ 4.25 ശതമാനം കടം കേരളം എടുത്തിട്ടുണ്ടെന്നും 25,000 കോടി കൂടി കടമെടുത്താല്‍ അത് 7 ശതമാനം ആകുമെന്നുമായിരുന്നു കേന്ദ്ര ആരോപണം. പരിധി വെട്ടിക്കുറച്ചതില്‍ കേരളത്തിന്റെ ഹര്‍ജി പരിഗണിക്കവെ 13,600 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ തുക മതിയാവില്ലെന്നും 10,000 കോടി കൂടി കടമെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും ചൂണ്ടിക്കാട്ടി കേരളം ഇടക്കാല ആവശ്യം ഉന്നയിച്ചു.