
58 വര്‍ഷം നീണ്ട തുടര്‍ഭരണം അവസാനിപ്പിച്ച് ബോട്സ്വാന
ബോട്സ്വാനയില്‍ 58 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബോട്സ്വാന ഡെമോക്രാറ്റിക് പാര്‍ട്ടിയെ (ബിഡിപി) തോല്‍പ്പിച്ച് അംബര്‍ലാ ഫോര്‍ ഡെമോക്രാറ്റിക് ചേഞ്ച് (യുഡിസി) സഖ്യം. ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യമാണ് യുഡിസി. സമീപകാലത്തെ മോശം സാമ്പത്തിക വഴര്‍ച്ചയിലുണ്ടായ ആഘാതവും ഉയര്‍ന്ന തൊഴിലില്ലായ്മയും ബിഡിപിയുടെ ജനപ്രീതിയെ തകര്‍ത്തിരുന്നു.
പ്രതിപക്ഷ നേതാവ് ഡുമ ബോക്കോയാണ് ബോട്‌സ്വാനയുടെ അടുത്ത പ്രസിഡന്റാകുക. 54 കാരനായ ബോക്കോ അഭിഭാഷകനാണ്, മുമ്പ് 2014 ലും 2019 ലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.
61 മണ്ഡലങ്ങളില്‍ 36 എണ്ണത്തില്‍ നിന്നുള്ള ഫലങ്ങളില്‍ ബിഡിപി കനത്ത പരാജയമാണ് നേരിട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് . ബോട്‌സ്വാനയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 31 മണ്ഡലങ്ങളിൽ ജയിക്കേണ്ടതുണ്ട്. നിലവിൽ 25 സീറ്റുകൾ മാത്രമുണ്ടായിരുന്ന യുഡിസി സഖ്യം 35 സീറ്റുകളാണ് നേടിയത്. കേവല ഭൂരിപക്ഷത്തേക്കാൾ നാല് സീറ്റ് കൂടുതൽ നേടിയാണ് യു ഡി സി സഖ്യം അധികാരത്തിലെത്തുന്നത്.
സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്നും, കൂടുതൽ ജോലി സാധ്യത സൃഷ്ടിക്കുമെന്നും യുഡിസി വാഗ്ദാനം നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 4,50,000 മുതല്‍ 5,00,000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഈ സഖ്യം പറയുന്നു. ഭരണമാറ്റം അംഗീകരിക്കപ്പെട്ട രീതി ശ്രദ്ധേയമാണെന്നാണ് പൊളിറ്റിക്കല്‍ അനലിസ്റ്റ് ലെസൊലെ മച്ചാച്ച പറഞ്ഞത്. സമാധാനപരമായ പരിവര്‍ത്തനമാണ് സംഭവിച്ചതെന്നും അദ്ദേഹം വിലയിരുത്തുന്നു.