ബ്രഹ്മപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തേടി പ്രതിപക്ഷം നിയമസഭയിൽ രണ്ടാം ദിനവും ശക്തമായി പ്രതിഷേധിക്കുകയാണ്. കൊച്ചി കോർപ്പറേഷനിൽ ഇന്നലെയുണ്ടായ (തിങ്കളാഴ്ച) സംഘർഷത്തിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ക്രൂരമായ നടപടികൾ സഭ അടിയന്തിരമായി ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ മറുപടി നല്കണമെന്നുള്ള ആവശ്യവും അവർ ഉന്നയിച്ചു.
അതേ സമയം, ബ്രഹ്മപുരം പ്ലാൻറിലെ മാലിന്യ ശേഖരണം, മാലിന്യ നീക്കം, സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട കഴിഞ്ഞ ഏഴു വർഷത്തെ എല്ലാ കരാറുകളും കരാറുകാർക്കായി നല്കിയ പണമിടപാടിന്റെ വിശദാംശങ്ങളും കോടതിക്ക് മുമ്പാകെ സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തിങ്കളാഴ്ച കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നല്കുകയുണ്ടായി. മാത്രമല്ല, ബയോ മൈനിങ് നടപ്പിലാക്കാൻ പുറത്തു നിന്നുള്ള കമ്പനികൾക്ക് കരാർ നല്കിയതിന്റെ വിവരങ്ങളും സമർപ്പിക്കാൻ ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്ററിസ് ബസന്ത് ബാലാജി ഉൾപ്പെട്ട ബെഞ്ച് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചത്.
ഖരമാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ചതിന് സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയെന്ന് രേഖപ്പെടുത്തുന്നതിന് എറണാകുളം ചീഫ് എൻവയോൺമെന്റൽ എഞ്ചിനിയറോടും കോടതി നിർദ്ദേശിച്ചു. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചതിന് കോർപ്പറേഷനും കരാറുകാർക്കും എതിരെ നടപടിയെടുക്കാത്തതിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡിനെ കോടതി വിമർശിച്ചു.
മാലിന്യ സംസ്കരണത്തിനുള്ള മതിയായ സ്ഥലം ബ്രഹ്മപുരത്തില്ലെന്നുള്ള വെളിപ്പെടുത്തലുകൾ അന്വേഷണത്തിനായി ഹൈക്കോടതി നിയമിച്ച ഹൈ ലെവൽ കമ്മിറ്റി വെളിപ്പെടുത്തി. ഇപ്പോൾ നിലവിലുള്ള പ്ലാന്റ് ഏത് നിമിഷവും തകർന്നുവീഴാമെന്നുള്ള മുന്നറിയിപ്പും നല്കി. എന്നാൽ പ്ലാന്റ് പുതുക്കിപണിയുന്നതിനുള്ള പദ്ധതി കോർപ്പറേഷൻ തയാറാക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണെന്നും അതിനായി പത്ത് ഏക്കർ സ്ഥലം കണ്ടുവെച്ചിട്ടുണ്ടെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ബയോമൈനിംങിനായുള്ള ശരിയായ യന്ത്രങ്ങൾ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങളിലെ വീഴ്ചയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി.
കൊച്ചി കോർപ്പറേഷനെ കുറ്റപ്പെടുത്തി എൻജിറ്റി റിപ്പോർട്ട്
ദേശീയ ഹരിത ട്രൈബ്യൂണൽ നിയമിച്ച സംസ്ഥാനതല നിരീക്ഷണ സമിതി ബ്രഹ്മപുരത്തെ തീപിടുത്തത്തിനുള്ള ഉത്തരവാദിത്വം കൊച്ചി കോർപ്പറേഷന് മാത്രമാണെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് തയ്യാറാക്കി. മുൻ കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന എ വി രാമകൃഷണപിള്ള അധ്യക്ഷനായുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പാരിസ്ഥിതിക നിയമങ്ങൾ പാലിക്കുന്നതിനും ഹരിത ട്രൈബ്യൂണലിന്റെ നിരന്തരമായിട്ടുള്ള ഉത്തരവുകളും മുന്നറിയിപ്പുകളും വേണ്ടവിധത്തിൽ നടപ്പിലാക്കുന്നതിനും മാലിന്യം തള്ളുന്ന സ്ഥലത്തെ ഗുരുതരമായ പോരായ്മകൾ പരിഹരിക്കുന്നതിനും കോർപ്പറേഷൻ ഭരണസമിതി പരാജയപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി. തീപിടുത്തം നടക്കുന്ന സമയത്ത് പരസ്പര ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാകുമെങ്കിലും അതിനു ശേഷം ഒന്നും ഉണ്ടായിട്ടില്ലെന്ന രീതിയിൽ മുന്നോട്ട് പോകുന്ന രീതിയാണ് കോർപ്പറേഷൻ പിന്തുടരുന്നത്, മാലിന്യം പൂർണ്ണമായി നീക്കം ചെയ്തെങ്കിൽ മാത്രമേ അപകട സാധ്യത ഇല്ലാതാകുന്നുവെന്നും ഇനിയും തീ പിടുത്തം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണെന്നും റിപ്പോർട്ട് പരാമർശിച്ചു.
മാർച്ച് 6 ന് സൈറ്റ് സന്ദർശിച്ച ചെയർമാൻ പ്ലാന്റിൽ നടന്നുകൊണ്ടിരിക്കുന്ന ബയോ മൈനിംങിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ജൈവമാലിന്യങ്ങളുടെയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും അളവ് രേഖപ്പെടുത്തുന്നതിനായി സൂക്ഷിച്ചിരുന്ന ലോഗ് ബുക്കുകളിൽ കൃത്യമായുള്ള വിവരങ്ങളിലെന്നുള്ള സംശയവും പ്രകടിപ്പിച്ചു. മാത്രമല്ല, സ്ഥലത്ത് തീ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങളില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി. ആറ് വാൽവുകളും 11 ഔട്ട്ലെറ്റുകളുമുള്ള ഹൈഡ്രന്റ് ലൈനോടുകൂടിയ 75 എച്ച്പി ശേഷിയുള്ള കടമ്പ്രയാറിന് സമീപം സ്ഥാപിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ അധികാരികൾ പറഞ്ഞു. എന്നാൽ കടമ്പ്രയാറിൽ സ്ഥാപിച്ചിരിക്കുന്ന പമ്പിന്റെ ഫൂട്ട് വാൽവിൽ ചെളിയും പ്ലാസ്റ്റികും നിറഞ്ഞ് പ്രവർത്തനരഹിതമായിരുന്നുവെന്നുവെന്നും അവർ സമ്മതിക്കുകയുണ്ടായി.