TMJ
searchnav-menu
post-thumbnail

TMJ Daily

അവയവദാനത്തിനായി മസ്തിഷ്‌ക മരണമെന്ന് റിപ്പോർട്ട് നൽകി; ലേക്‌ഷോർ ആശുപത്രിക്കെതിരെ അന്വേഷണം

14 Jun 2023   |   2 min Read
TMJ News Desk

സ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാതെ യുവാവിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം പുലർച്ചെ 4.15 ഓടെ വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.

മലേഷ്യൻ പൗരനാണ് അവയവങ്ങൾ ദാനം ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.  മലേഷ്യൻ എംബസി സർട്ടിഫിക്കറ്റിൽ സ്വീകർത്താവിന്റെ ഭാര്യയെ ആണ് ദാതാവായി കാണിച്ചിരിക്കുന്നത്. എന്നാൽ അപകടത്തിൽപ്പെട്ട യുവാവിന്റെ കരളാണ് ദാനം ചെയ്തിരിക്കുന്നത്. ആശുപത്രിയുടെ ഈ നീക്കം സംശയാസ്പദമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

നടപടികളിൽ അപാകതയെന്ന് കോടതി

സംഭവത്തിൽ ദൂരൂഹത ആരോപിച്ച്  കൊല്ലം സ്വദേശിയായ  ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിൻറെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതിയിൽ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നൽകിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടന്നും കോടതി കണ്ടെത്തി. അവയവദാന നിയമ (1994) ത്തിലെ സെക്ഷൻ 18,20,21 പ്രകാരം പ്രഥമദൃഷ്ട്യാ അന്വേഷണത്തിന് അർഹതയുള്ള കേസാണിതെന്ന് ഉത്തരവിൽ പറയുന്നു.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ലേക്‌ഷോർ ആശുപത്രി അധികൃതർ രംഗത്തെത്തി. മസ്തിഷ്‌കത്തിന് സ്ഥിരമായി കേട് സംഭവിക്കുന്ന തരത്തിലുള്ള ശക്തമായ മുറിവായിരുന്നു എബിന്റേതെന്ന് ആശുപത്രി അവകാശപ്പെട്ടു. കൃത്യമായ ചികിത്സ നൽകിയെന്നും society for organ retrieval and transplantation ന്റെ നിർദേശങ്ങൾ പാലിച്ച്, കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയാണ് അവയവദാനം നടത്തിയതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. പരാതിക്കാരന്റെ വാദം മാത്രം കേട്ടാണ് കോടതി നടപടിയെന്നും ആശുപത്രിയുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുല്ല അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയിൽ 27% വർധവ്

അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ രാജ്യത്ത് 27% വർധിച്ചതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞവർഷം 2022ൽ 15,000 ശസ്ത്രക്രിയകളാണ് നടത്തിയത്. ആദ്യമായാണ് ഈ വർധയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. അതേസമയം സർക്കാർ ആശുപത്രികളിൽ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനാവശ്യമായ ശാസ്ത്ര സാങ്കേതിക മാനവശേഷി സജ്ജീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിക്കുകയുണ്ടായി. രാജ്യത്ത് 640 ലധികം മെഡിക്കൽ കോളേജുകളും ആശുപത്രികളുമുണ്ടൈങ്കിലും അവയവം മാറ്റിവെക്കൽ ചില ആശുപത്രികളിൽ മാത്രമുള്ള പ്രത്യേക സേവനമായി തുടരുന്നു. പല സംസ്ഥാനങ്ങളിലും സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


#Daily
Leave a comment