
പുതിയ ഉരഗത്തിന്റെ ഫോസിൽ കണ്ടെടുത്തതായി ബ്രസീലിയൻ ഗവേഷകർ
ബ്രസീലിൽ നിന്ന് 10 വർഷം മുമ്പ് കണ്ടെത്തിയ ഉരഗത്തിന്റെ ഫോസിലിന് 237 ദശലക്ഷം വർഷം പഴക്കം ഉണ്ടെന്ന് കരുതുന്നതായി ശാസ്ത്രജ്ഞർ. ഇത് ദിനോസറുകൾ നിലനിന്നിരുന്നോ എന്നത് സംബന്ധിച്ച വാദത്തിലേക്ക് വെളിച്ചം വീശുന്നതായി ബ്രസീലിയൻ ശാസ്ത്രജ്ഞർ പറയുന്നു.
നായയുടെ രൂപത്തോട് സാദൃശ്യമുള്ള ഇവയുടെ പേര് ഗോണ്ട്വാനക്സ് പാരസെൻസ് എന്നാണ്. ഒരു ചെറിയ നായയുടെ വലിപ്പമുള്ള ഇവയ്ക്ക് നീളമുള്ള വാലുകളും ഏകദേശം മൂന്ന് മുതൽ ആറ് കിലോയോളം വരെ ഭാരവുമുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടിരുന്ന കാലത്ത് ഇവ ഇന്നത്തെ തെക്കൻ ബ്രസീൽ ഉൾപ്പെടുന്ന പ്രദേശത്ത് കൂടി സഞ്ചരിച്ചിരുന്നിരിക്കാമെന്ന സംശയവും ശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നു.
വംശനാശം വന്ന് ഇല്ലാതായ സൈലസൗറിഡ് കുടുംബത്തിൽ ഉൾപ്പെട്ട ഉരഗത്തിന്റെ ആണ് ഈ ഫോസിൽ എന്ന് കരുതുന്നു. സൈലസൗറിഡുകൾ ദിനോസറുകളുടെ വംശത്തിൽ ഉൾപ്പെടുന്നവയാണെന്നും അവയുടെ മുൻഗാമികളാണോ എന്നുമുള്ള വാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവ ദിനോസറുകളുടെ മുൻഗാമികളാണെന്ന് കണ്ടെത്താൻ സാധിച്ചാൽ ആ തെളിവുകൾ ദിനോസറുകളുടെ പരിണാമം സംബന്ധിച്ച സംശയങ്ങളിലേക്കാവും വെളിച്ചം വീശുക. മാമലുകൾ, തവളകൾ, ആമകൾ, മുതലകൾ എന്നിവ ഉത്ഭവിച്ച കാലഘട്ടം തന്നെയാണ് ഗോണ്ട്വാനക്സുകളുടെ ഉത്ഭവകാലമെന്നും ഗവേഷകർ വിലയിരുത്തുന്നു.
ഫിസിഷ്യനായ പെഡ്രോ ലൂക്കാസ് പോഴ്സെല ഔറേലിയോ 2014ലാണ് ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാന്റ് ഡോ സുളിലെ പട്ടണമായ പാരൈസോ ഡോ സുളിൽ നിന്ന് ഈ ഫോസിൽ കണ്ടെടുക്കുന്നത്. പിന്നീട് 2021ൽ ഒരു പ്രാദേശിക സർവ്വകലാശാലയ്ക്ക് ഇത് ഗവേഷണത്തിനായി നൽകുകയായിരുന്നു. ലഭ്യമായ
ഭാഗങ്ങൾ പാറകൾ കൊണ്ട് മൂടിയിരുന്നതായും, അവയുടെ കശേരുക്കൾ മാത്രമേ ദൃശ്യമായിരുന്നുള്ളൂവെന്നും ഔറേലിയോ പറയുന്നു. മൂന്ന് വർഷം നീണ്ട് നിന്ന ഗവേഷണങ്ങൾക്കൊടുവിൽ ആണ് ശാസ്ത്രജ്ഞർ ഫോസിലുകൾ ഉരഗങ്ങളുടേതാണെന്ന് നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഈ ഫോസിലിന്റെ കണ്ടെത്തലും പഠനവും സംബന്ധിച്ച പാലിയന്തോളജിസ്റ്റ് റോഡിർഗോ ടെംപ് മുള്ളർ എഴുതി വിശദമായ ലേഖനം സയന്റിഫിക് ജേണലായ ഗോണ്ട്വാന റിസർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ പ്രധാന ഭാഗം ഇവയുടെ കാലപ്പഴക്കം തന്നെയാണ്, ഇവയ്ക്ക് ദിനോസറുകളുടെ ഉത്ഭവം അല്ലെങ്കിൽ ആഗമനം സംബന്ധിച്ച വിവരങ്ങൾ നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.