
വിറ്റര്‍ റോക്ക് | PHOTO: TWITTER
ബാഴ്സക്കായി ഗോളടിക്കാന്‍ ബ്രസീലുകാരന്‍
ബ്രസീലിന്റെ ഭാവി പ്രതീക്ഷകളില്‍ ഒന്നായ വിറ്റര്‍ റോക്കിനെ സൈന്‍ ചെയ്യുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് ബാഴ്സലോണ പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ട. ഫാബ്രീസിയോ റൊമാനോ ഉള്‍പ്പടെയുള്ള പലരും താരം ബാഴ്സയിലെത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴാണ് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാകുന്നത്. ബ്രസീലിയന്‍ ക്ലബ്ബായ അത്ലറ്റിക്കോ പരാനന്‍സില്‍ നിന്നും 45 മില്ല്യണ്‍ യൂറോയ്ക്കാണ് ബാഴ്സ റോക്കിനെ ടീമിലെത്തിക്കുന്നത്. 2024 ജനുവരിയിലാകും റോക്ക് ബാഴ്സയുടെ ഭാഗമാവുക.വിറ്റര്‍ റോക്ക് എന്ന നമ്പര്‍ നൈന്‍ താരത്തെ ടീമിലെത്തിക്കാന്‍ യൂറോപ്പിലെ കരുത്തരായ പല ക്ലബ്ബുകളും ശ്രമം നടത്തിയിരുന്നു.
പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ആഴ്സണല്‍, ന്യൂകാസ്റ്റില്‍ യുണൈറ്റഡ്, ചെല്‍സി എന്നീ ടീമുകളെ പിന്തള്ളിയാണ് എഫ്.സി ബാഴ്സലോണ വിറ്റര്‍ റോക്കിനെ സൈന്‍ ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ ലാലിഗയും, സ്പാനിഷ് സൂപ്പര്‍ കപ്പും ഉള്‍പ്പടെയുള്ള കിരീടങ്ങള്‍ നേടിയ ബാഴ്സ പോളിഷ് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിയുടെ ബാക്ക് അപ്പ് ഓപ്ഷന്‍ ആയിട്ടാണ് വിറ്റര്‍ റോക്കിനെ ടീമിലെത്തിക്കുന്നത്. എന്നാല്‍ പരിശീലകന്‍ ചാവിയുടെ കീഴില്‍ ബാഴ്സ ഇപ്പോള്‍ ഒരുക്കി കൊണ്ടിരിക്കുന്ന ഭാവിയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ടീമിന്റെ പ്രധാന കണ്ണികളിലൊരാളായിരിക്കും വിറ്റര്‍ റോക്ക്.
ലെവന്‍ഡോവ്സ്‌കി, ഡെംബലേ, റാഫീഞ്ഞ്യ, അന്‍സു ഫാറ്റി, ഫെറാന്‍ ടോറസ് തുടങ്ങിയ താരങ്ങളാണ് ഇപ്പോള്‍ ബാഴ്സയുടെ മുന്നേറ്റനിര, എന്നാല്‍ ഇവരൊക്കെയുണ്ടെങ്കിലും ഗോള്‍ നേടുന്നതില്‍ ചില ഘട്ടങ്ങളില്‍ ഈ താരങ്ങള്‍ വിജയിക്കാറില്ല. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ബയേണുമായിട്ടുള്ള ആദ്യ മത്സരം ഇതിനൊരു ഉദാഹരണമാണ്. വിറ്റര്‍ റോക്ക് ടീമിലെത്തുന്നതോടെ മുന്നേറ്റ താരങ്ങള്‍ക്കിടയില്‍ കളത്തിലിറങ്ങുന്നതിനായി കൂടുതല്‍ കോംപറ്റീഷന്‍ ഉണ്ടാവുമെന്നുള്ള കാര്യത്തില്‍ ഉറപ്പാണ്.
ഇന്‍ഡിപെന്‍ഡന്‍സിയയില്‍ നിന്നും ക്യാംപ് നൗവിലേക്ക്
തന്റെ പത്താം വയസ്സില്‍ അമേരിക്ക മിനീറോയിലൂടെ യൂത്ത് കരിയര്‍ ആരംഭിച്ച റോക്ക് ക്രൂസീറോ എന്ന ടീമിന്റെയും യൂത്ത് ടീമില്‍ ഭാഗമായിട്ടുണ്ട്. റോക്ക് തന്റെ സീനിയര്‍ കരിയര്‍ ആരംഭിക്കുന്നതും ക്രൂസീറോയില്‍ നിന്നുമാണ്. ക്രൂസീറോയുടെ സീനിയര്‍ ടീമിനായി 14 മത്സരങ്ങളില്‍ നിന്നും 3 ഗോളുകളടിച്ച റോക്ക് 2022 ലാണ് ഇപ്പോഴത്തെ ക്ലബ്ബായ അത്ലറ്റിക്കോ പരാനന്‍സില്‍ എത്തുന്നത്.
അത്‌ലറ്റിക്കോ പരാനന്‍സിനായി 48 മത്സരങ്ങളില്‍ ഇറങ്ങിയ ഈ പതിനെട്ടുകാരന്റെ ഗോള്‍ നേട്ടം 16 ആണ്. അത്ലറ്റിക്കോ പരാനന്‍സ് ഏറ്റവും കൂടുതല്‍ പണം മുടക്കി ടീമിലെത്തിക്കുന്ന താരം കൂടിയായിരുന്നു റോക്ക്. അണ്ടര്‍ 20 സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്ന റോക്ക് ടൂര്‍ണ്ണമെന്റിലെ ടോപ് ഗോള്‍ സ്‌കോറര്‍ കൂടിയായിരുന്നു. 6 ഗോളുകളാണ് ആ ടൂര്‍ണ്ണമെന്റിലെ റോക്കിന്റെ സമ്പാദ്യം. അത്ലറ്റിക്കോ പരാനന്‍സ് 2023 ലെ കാംപിയോനാറ്റോ പരാനന്‍സ് നേടിയ ടീമിലും റോക്ക് ഭാഗമായിരുന്നു.