TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

സ്തനാര്‍ബുദം; ഇന്ത്യയിലെ അതിജീവന നിരക്ക് 66.4 ശതമാനം

10 Jan 2024   |   1 min Read
TMJ News Desk

സ്തനാര്‍ബുദം സ്ഥിരീകരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷവും ഇന്ത്യയിലെ രോഗികളുടെ അതിജീവന നിരക്ക് 66.4 ശതമാനം മാത്രമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) 2012 നും 2015 നും ഇടയില്‍ സ്തനാര്‍ബുദം കണ്ടെത്തിയ 17,331 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അമേരിക്ക പോലുള്ള രാജ്യങ്ങളിലെ അതിജീവന നിരക്ക് 90 ശതമാനത്തിന് മുകളിലാണ്. മെഡിക്കല്‍ ജേര്‍ണലായ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ചികിത്സ എല്ലാവരിലേക്കും എത്തുന്നില്ല

രാജ്യത്ത് സ്ത്രീകളുടെ മരണത്തിന് കാരണമാകുന്ന പ്രധാന രോഗങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. ഓരോ വര്‍ഷവും 2 ലക്ഷത്തിലധികം സ്തനാര്‍ബുദ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ സ്തനാര്‍ബുദം കണ്ടെത്തിയ സ്ത്രീകളെ ജനസംഖ്യാടിസ്ഥാനത്തിലുള്ള 11 കാന്‍സര്‍ രജിസ്ട്രികളില്‍ (പിബിസിആര്‍) ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിരീക്ഷണം നടത്തിയത്. കൊല്ലം, തിരുവനന്തപുരം, മുംബൈ, വാര്‍ധ, അഹമ്മദാബാദ്, കാംരൂപ്, മണിപ്പൂര്‍, മിസോറാം, സിക്കിം, ത്രിപുര, പാസിഘട്ട് എന്നിവയാണ് പഠനത്തിനായി തിരഞ്ഞെടുത്ത പിബിസി രജിസ്ട്രികള്‍. കാന്‍സര്‍ ചികിത്സാ രീതികളിലും മരുന്നുകളുടെ കണ്ടെത്തലുകളിലും വലിയ രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഭൂരിപക്ഷം രോഗികളിലേക്കും ആവശ്യമായ ചികിത്സ എത്തുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. ആദ്യഘട്ടത്തില്‍ രോഗനിര്‍ണയം നടത്തിയവര്‍ക്ക് അവസാനഘട്ടത്തില്‍ അതിജീവനം നടത്തിയവരേക്കാള്‍ 4.4 ശതമാനം കൂടുതല്‍ അതിജീവന സാധ്യത പഠനം കണ്ടെത്തുന്നു. 65 വയസ്സിനു മുകളിലുള്ള രോഗികള്‍ക്ക് 39 വയസ്സുവരെയുള്ള രോഗികളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിജീവന സാധ്യത 16 ശതമാനം കുറവാണ് എന്നും പഠനം കണ്ടെത്തുന്നു.

#Daily
Leave a comment