ബ്രണ്ണൻ കോളേജ്
പൂര്‍വവിദ്യാര്‍ത്ഥി മഹാസംഗമത്തിന് വേദിയാകാന്‍ ബ്രണ്ണന്‍ കോളേജ് ഒരുങ്ങുന്നു
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് പൂര്‍വവിദ്യാര്‍ത്ഥി മഹാസംഗമത്തിന് ഒരുങ്ങുന്നു. 2024 ഫെബ്രുവരി 10,11 തീയതികളിലായാണ് 'അല' എന്ന പേരില്‍ പൂര്‍വവിദ്യാര്‍ത്ഥി അധ്യാപക സംഗമം നടക്കുന്നത്. ലോകമെമ്പാടും ചിതറിക്കിടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഒന്നിപ്പിക്കുന്ന സംഗമത്തിന് കോളേജ് കൗണ്‍സിലും അലുമിനി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായി തീരുമാനിക്കുകയായിരുന്നു. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സംഗമം ഒരുക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.
കപ്പല്‍ അപകടത്തില്‍ നിന്ന് കരകയറിയ നാവികന്റെ ഓര്‍മയെയും കടലലകളും തലശ്ശേരിയും തമ്മിലുള്ള ചരിത്ര-സാമൂഹിക-സാംസ്‌കാരിക- സാമ്പത്തിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നതാണ് അല. നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സി ബാബുരാജ് രക്ഷാധികാരിയുമായ സമിതിയാണ് സംഘാടനത്തിന് നേതൃത്വം നല്‍കുക. പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും മുന്‍മന്ത്രിയുമായ എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. 1960 മുതല്‍ 2023 വരെയുള്ള കോളേജ് യൂണിയന്‍ ഭാരവാഹികള്‍ സംഗമത്തില്‍ അണിചേരും. പരിപാടിയുടെ ഭാഗമായി ബ്രണ്ണന്‍ കോളേജില്‍ പഠിച്ച പ്രമുഖര്‍ തങ്ങളുടെ കലാലയാനുഭവങ്ങള്‍ പങ്കുവയ്ക്കും.
ഒന്നര നൂറ്റാണ്ടിന്റെ കഥപറയുന്ന കലാലയം
132 വര്‍ഷത്തോളമായി വടക്കന്‍ കേരളത്തിലെ സംസ്‌കാരത്തിന്റെ പെരുമവിളിച്ചോതുന്ന കലാലയം കൂടിയാണ് ബ്രണ്ണന്‍ കോളേജ്. കലയ്ക്കും സാഹിത്യത്തിനും രാഷ്ട്രീയത്തിനും മതനിരപേക്ഷതയുമെല്ലാം ഒന്നിച്ചുചേരുന്ന കലാലയം. കൊളോണിയല്‍ കാലത്തെ സ്മരണകളും അടയാളങ്ങളും പേറുന്ന മലബാറിലെ ഏറ്റവും പഴക്കമുള്ള കലാലയം കൂടിയാണ് ബ്രണ്ണന്‍.
എഡ്വേഡ് ബ്രണ്ണന്‍ എന്ന വിദേശിയാണ് ബ്രണ്ണന്‍ കോളേജ് സ്ഥാപിക്കുന്നത്. അറബിക്കടലിലൂടെ യാത്ര ചെയ്യവെ കപ്പല്‍ അപകടത്തില്‍പ്പെട്ട് തലശ്ശേരി തീരത്ത് എത്തിയെന്നും തന്നെ രക്ഷിച്ച കരയില്‍ തന്നെ ശിഷ്ടകാലം ജീവിച്ചുവെന്നുമാണ് പറയുന്നത്. തലശ്ശേരി പോര്‍ട്ടില്‍ മാസ്റ്റര്‍ അറ്റന്‍ഡറായി എഡ്വേഡ് ബ്രണ്ണന്‍ ജോലി ചെയ്തിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി തലശ്ശേരിയില്‍ 1862 സെപ്തംബര്‍ ഒന്നിന് ബ്രണ്ണന്‍ കോളേജിന്റെ ആദ്യ രൂപമായ പ്രീ സ്‌കൂളിനു തുടക്കം കുറിച്ചു. 1872 മുതല്‍ ഗവ. ജില്ലാ സ്‌കൂള്‍ ആയിത്തീര്‍ന്നു. 1890 ല്‍ കലാലയ പദവിയും ലഭിച്ചു. 1859 ഒക്‌ടോബര്‍ രണ്ടിനാണ് ഒരു നാടിന്റെ ചരിത്രം തിരുത്തിക്കുറിക്കാന്‍ നേതൃത്വം നല്‍കിയ ബ്രിട്ടീഷ് നാവികന്‍ എഡ്വേഡ് ബ്രണ്ണന്‍ ലോകത്തോട് വിടപറയുന്നത്. തലശ്ശേരി കോട്ടയുടെ പിന്നിലുള്ള സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയിലാണ് അദ്ദേഹം ശവകുടീരം സ്ഥിതിചെയ്യുന്നത്.