
ബ്രൂവറി പദ്ധതി ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്: ബിനോയ് വിശ്വം
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസന വിരുദ്ധരല്ല. പക്ഷേ ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ല. കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.
എലപ്പുള്ളി ബ്രൂവറി പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കോടികളുടെ അഴിമതിയാണ് നടക്കാന്‍പോകുന്നതെന്ന് രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞിരുന്നു. പദ്ധതി നിലവില്‍ വരുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാവുമെന്നും പഞ്ചായത്തിന്റെ അനുമതിപോലുമില്ലാതെയാണ് സര്‍ക്കാര്‍ നിര്‍മാണച്ചുമതല കമ്പനിക്ക് നല്‍കിയതന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
അതേസമയം ബ്രൂവറി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് എം വി ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. നാട്ടില്‍ വികസനം കൊണ്ടുവരാനുള്ള പദ്ധതിയാണിതെന്നും ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.