
കൊടി സുനി ഉൾപ്പടെയുള്ളവരിൽ നിന്നും കൈക്കൂലി; ജയിൽ ഡിഐജിക്കെതിരെ വിജിലൻസ് കേസ്
ജയിലിനുള്ളിൽ കഴിയുന്ന കുറ്റവാളികൾക്ക് പരോൾ അനുവദിക്കുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനും കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിൽ ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിജിലൻസിന്റെ രഹസ്യപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിനോദ് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടു.
പരോളിനും പരോൾ നീട്ടി നൽകുന്നതിനും, ജയിലിനുള്ളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും ഡിഐജി കൈക്കൂലി വാങ്ങി എന്നാണ് കണ്ടെത്തൽ. ഗൂഗിൾ പേ വഴിയും ഇടനിലക്കാരൻ മുഖേനയുമാണ് പണം സ്വീകരിച്ചതെന്നും വിജിലൻസ് കണ്ടെത്തി. വിയ്യൂർ ജയിലിലെ വിരമിച്ച ഒരു ഉദ്യോഗസ്ഥനെയാണ് ഡിഐജി ഏജന്റായി ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ അടുത്ത ബന്ധുവിൽ നിന്നടക്കം എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ഡിഐജി നേരിട്ട് പണം വാങ്ങിയതിന് തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നു ഗൂഗിൾ പേ വഴിയുള്ള ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. വിയ്യൂർ ജയിലിലെ തടവുകാർക്ക് വഴിവിട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് ഇടനിലക്കാരൻ മുഖേന പണം വാങ്ങിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
മാസങ്ങളായി ഡിഐജിയെ വിജിലൻസ് നിരീക്ഷിച്ചുവരികയായിരുന്നു. വിനോദ് കുമാർ തന്റെ സ്വാധീനം ഉപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും സമ്മർദത്തിലാക്കി കാര്യങ്ങൾ നടത്തുമായിരുന്നു എന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ നിന്ന് പോലും സ്ഥലംമാറ്റത്തിനായി പണം വാങ്ങിയതായും റിപ്പോർട്ടിലുണ്ട്.
മുൻപ് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സ്ഥിരമായി ജോലിയിൽ ഹാജരാകാത്തതിനെ തുടർന്ന് വിനോദ് കുമാർ സസ്പെൻഷൻ നേരിട്ടിരുന്നു. പിന്നീട് ടി പി കേസിലെ പ്രതികൾക്ക് വിയ്യൂർ ജയിലിൽ വഴിവിട്ട സൗകര്യങ്ങൾ ഒരുക്കിയെന്നാരോപണത്തിൽ വീണ്ടും സസ്പെൻഷനുമുണ്ടായി. ഒന്നാം പിണറായി സർക്കാർ കാലത്ത് ഡിഐജിയായി ഉയർത്തപ്പെട്ട വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വിരമിക്കാൻ നാല് മാസം മാത്രം ശേഷിക്കെയാണ് ഡിഐജി വിജിലൻസ് കേസിൽ പ്രതിയാകുന്നത്.


