
കോഴക്കേസ്: ഇഡി ഏജന്റുമാര് വിജിലന്സിന് മുന്നില് ഹാജരായി
കേസൊതുക്കാന് കൈക്കൂലി വാങ്ങിക്കാന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്ക്ക് ഇടനില നിന്നതിന് അറസ്റ്റിലായ ചാര്ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത് വാര്യരും ഏജന്റുമാരായ വില്സണും മുകേഷും വിജിലന്സ് ഓഫീസില് ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച ഇവര് കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്.
മൂവാറ്റുപുഴ വിജിലന്സ് കോടതി ഇന്നലെ ഇവര്ക്ക് ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് ദിവസം വിജിലന്സ് ഓഫീസില് ചോദ്യം ചെയ്യലിന് വിധേയരാകാന് ഹാജരാകണമെന്ന ഉപാധി കോടതി ഇവര്ക്ക് മുന്നില് വച്ചിരുന്നു.
കേസ് അന്വേഷണം ഒഴിവാക്കാന് കശുവണ്ടി വ്യവസായിയോട് രണ്ട് കോടി രൂപയാണ് ഇഡി ഉദ്യോഗസ്ഥര് ഇടനിലക്കാര് വഴി ആവശ്യപ്പെട്ടത്. ഇതേതുടര്ന്ന് വ്യവസായി വിജിലന്സിന് പരാതി നല്കുകയായിരുന്നു.
കേസിന്റെ ഭാഗമായി വിജിലന്സ് ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വ്യവസായിക്കെതിരെയുള്ള കേസിന്റെ വിശദാംശങ്ങള്, അന്വേഷണ പുരോഗതി, സമന്സ് വിവരങ്ങള്, ചോദ്യം ചെയ്ത ദിവസങ്ങള് ഉള്പ്പെടെയുള്ള വിവരങ്ങള് എന്നിവ കൈമാറാനാണ് വിജിലന്സ് ആവശ്യപ്പെട്ടത്.
കേസില് ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്കുമാറാണ് ഒന്നാം പ്രതി. അഡീഷണല് ഡയറക്ടര് വിനോദ്കുമാറിനെതിരെയും ആരോപണമുണ്ട്.


