TMJ
searchnav-menu
post-thumbnail

TMJ Daily

കേസ് ഒതുക്കാന്‍ കൈക്കൂലി; ഇഡി ഉദ്യോഗസ്ഥരുടെ കുരുക്ക് മുറുകുന്നു

19 May 2025   |   1 min Read
TMJ News Desk

കേസ് ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. കശുവണ്ടി വ്യവസായ മേഖലയിലുള്ളവരും പ്രവാസി മലയാളികളും വിജിലന്‍സിന് പരാതി നല്‍കി.

കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവില്‍നിന്നും രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന സംഭവം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇഡിക്കെതിരെ കൂടുതല്‍ ആളുകള്‍ ധൈര്യസമേതം രംഗത്തെത്തുന്നത്.

അനീഷ് ബാബുവില്‍നിന്നും കൈക്കൂലി ആവശ്യപ്പെട്ടതില്‍ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് പുറമേ കൊച്ചിയിലെ ഇഡി ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാനായി കേരളത്തിലേക്ക് കൊണ്ടുവന്ന കള്ളപ്പണമെന്ന് ആരോപണമുള്ള കൊടകര കുഴല്‍പ്പണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ശേഖര്‍ കുമാര്‍. ഈ പണം ബിജെപിക്കാര്‍ തന്നെ തൃശൂരിലെ കൊടകരയില്‍ വച്ച് അപകടമുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.

ശേഖര്‍ കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് നല്‍കും. കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ ഉന്നത ഇഡി ഉദ്യോഗസ്ഥരുടെ അഴിമതി വെളിപ്പെടുത്തുന്നതാണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇഡിയുടെ ഏജന്റുമാരാണ് അനീഷ് ബാബുവിന്റെ പരാതിയിന്മേലുള്ള അന്വേഷണത്തില്‍ വിജിലന്‍സ് അറസ്റ്റിലായത്. വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന്‍ സ്വദേശിയായ മുരളി മുകേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത് വാര്യര്‍ എന്നിവരാണ് അറസ്റ്റിലായത്.

അതിനിടെ, വിജിലന്‍സ് അനീഷ് ബാബുവിന്റെ മൊഴിയെടുത്തു. ഇഡിയുടെ സമന്‍സ് ലഭിച്ച് ഹാജരായപ്പോള്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടറായ വിനോദ് കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും ഇടനിലക്കാരനായ വില്‍സണ്‍ വര്‍ഗീസ് പിന്നീട് രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സമീപിച്ചെന്നും അനീഷ് ബാബു മൊഴി നല്‍കി.

ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയ കാര്യം വില്‍സണ്‍ അനീഷിനെ ഓര്‍മ്മിപ്പിക്കുകയും ഇഡി അടുത്ത സമന്‍സ് അയക്കുമെന്ന് പറയുകയും ചെയ്തു. വില്‍സണ്‍ പറഞ്ഞത് പോലെ ഇഡി സമന്‍സ് അയക്കുകയും ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തുവെന്ന് അനീഷ് പറഞ്ഞു.


#Daily
Leave a comment