TMJ
searchnav-menu
post-thumbnail

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് | PHOTO: PTI

TMJ Daily

ദേശീയ ഗുസ്തി ഫെഡറേഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ബ്രിജ് ഭൂഷണ്‍ പുറത്ത് 

26 Jul 2023   |   2 min Read
TMJ News Desk

ദേശീയ ഗുസ്തി ഫെഡറേഷന്‍ നിര്‍വാഹക സമിതി തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ (ഇലക്ടറല്‍ കോളേജ്) നിന്ന് ലൈംഗിക ആരോപണം നേരിടുന്ന ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ ഒഴിവാക്കി. ബ്രിജ് ഭൂഷന്റെ മകന്‍ കരണ്‍ പ്രതാപിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ബ്രിജ് ഭൂഷന്റെ മരുമകനും ബിഹാര്‍ ഗുസ്തി യൂണിറ്റിന്റെ പ്രസിഡന്റുമായ വിശാല്‍ സിങ് പട്ടികയിലുണ്ട്. വിശാല്‍ ദേശീയ ഗുസ്തി ഫെഡറേഷന്റെ ഒരു ഭാരവാഹിത്വത്തിലേക്കും മത്സരിക്കില്ലെന്നാണ് സൂചന. 

മൂന്നു തവണ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്നു ബ്രിജ് ഭൂഷണ്‍. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു മാത്രമേ ഓഗസ്റ്റ് 12 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയൂ. ഡല്‍ഹിയിലെ തെരുവുകളില്‍ 36 ദിവസം പ്രതിഷേധം നടത്തിയ ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ബ്രിജ് ഭൂഷണും കുടുംബാംഗങ്ങളും ഗുസ്തി ഫെഡറേഷന്റെ പുതിയ ഭാരവാഹികളായി ഉണ്ടാകരുതെന്നത്. 

പട്ടികയില്‍ കേരളീയരും 

നേരത്തെ ജൂലൈ 11 നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അസം ഗുസ്തി ഫെഡറേഷനെ അംഗീകരിക്കണമെന്ന ഹര്‍ജിയില്‍ ഗൗഹട്ടി കോടതി തിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്തിരുന്നു. അന്ന് യുപി ഫെഡറേഷന്‍ സമര്‍പ്പിച്ച പട്ടികയില്‍ ബ്രിജ് ഭൂഷണെ ഉള്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ ജൂലൈ 18 ന് സുപ്രീംകോടതി നീക്കിയതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് സജീവമായത്. 

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ വരുന്ന മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കിയത് ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാര്‍ ആയിരുന്നു. ജൂലൈ 28 മുതല്‍ 31 വരെയാണ് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഓഗസ്റ്റ് രണ്ടിന് നടക്കും. ഓഗസ്റ്റ് എട്ടിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ജനറല്‍ ബോഡിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 12 ന് നടക്കും. 

ഇലക്ടറല്‍ കോളേജില്‍ 25 സംസ്ഥാന യൂണിറ്റുകളില്‍ നിന്ന് 50 അംഗങ്ങളുണ്ട്. മഹാരാഷ്ട്രയും ത്രിപുരയുമാണ് വോട്ട് ലഭിക്കാത്ത രണ്ട് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര രണ്ട് വിഭാഗങ്ങളില്‍ നിന്ന് രണ്ടു സെറ്റ് നാമനിര്‍ദേശങ്ങള്‍ അയച്ചു. അവ റിട്ടേണിങ്ങ് ഓഫീസര്‍ അയോഗ്യമാണെന്ന് കണ്ടെത്തി. ത്രിപുരയെ 2016 മുതല്‍ റെസ്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡിസ്അഫിലിയേറ്റ് ചെയ്തിരുന്നു. 

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ മുന്‍ സെക്രട്ടറി ജനറല്‍ വിഎന്‍ പ്രസൂദും സംസ്ഥാന ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി ബി രാജശേഖരന്‍ നായരുമാണ് കേരളത്തില്‍ നിന്ന് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചവര്‍. വിഎം പ്രസൂദ് രണ്ടു തവണ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ആയിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ഇത്തവണ ആ സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. പകരം മറ്റ് ഭാരവാഹിത്വങ്ങളിലേക്ക് മത്സരിക്കാനാവും.

ആരാണ് ബ്രിജ് ഭൂഷണ്‍

2011 മുതല്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അംഗമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ആറു തവണ ഉത്തര്‍പ്രദേശില്‍ നിന്ന് പാര്‍ലമെന്റിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ച് തവണ ബിജെപിയിലും ഒരു തവണ സമാജ്വാദിയിലും നിന്നുമാണ് വിജയിച്ചത്. കൂടാതെ അയോധ്യ മുതല്‍ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിജ് ഭൂഷനു കീഴിലുണ്ട്. 

ബിജെപിയില്‍ ചേരുന്നതിനു മുമ്പ് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്ന ആളാണ് ബ്രിജ് ഭൂഷണ്‍. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലും പ്രതിയാണ് ബ്രിജ് ഭൂഷണ്‍.

1990 കളുടെ മധ്യത്തില്‍ ഗുണ്ടാനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്ക് അഭയം നല്‍കിയെന്ന പേരില്‍ അറസ്റ്റിലാവുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീഹാര്‍ ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കോടതി ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കി.


#Daily
Leave a comment