TMJ
searchnav-menu
post-thumbnail

ബ്രിജ് ഭൂഷൺ | PHOTO: PTI

TMJ Daily

ബ്രിജ് ഭൂഷന് ബിജെപിയുടെ താക്കീത്; ഗുസ്തി ഫെഡറേഷനില്‍ ഇടപെടരുത്

28 Dec 2023   |   2 min Read
TMJ News Desk

ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ് ഭൂഷന് ബിജെപിയുടെ താക്കീത്. ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് നിര്‍ദേശം. എംപിയുടെ ഇടപെടല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതായും ഇടപെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ വിഷയത്തില്‍ ഇടപെട്ടത്. ഗുസ്തി താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതിനു പിന്നാലെ നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം ബ്രിജ് ഭൂഷനെ വിളിച്ചുവരുത്തിയിരുന്നു.

തിരഞ്ഞെടുപ്പ് തന്ത്രം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ തന്ത്രപരമായ നീക്കം. ജാട്ടു വിഭാഗത്തിന്റെ വലിയ പിന്തുണ ഗുസ്തി താരങ്ങള്‍ക്കുണ്ട്. പുരസ്‌കാരങ്ങളടക്കം തിരിച്ചുനല്‍കി പ്രതിഷേധിക്കുന്ന താരങ്ങളെ മയപ്പെടുത്താനാണ് കേന്ദ്രനീക്കം. ഇതിന്റെ ഭാഗമായി താരങ്ങളുമായി ചര്‍ച്ച നടന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിട്ടതിനു പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണനിര്‍വഹണത്തിനായി താല്കാലിക സമിതിയെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിയോഗിച്ചിരുന്നു. ഭൂപീന്ദര്‍ സിങ് ബജ്‌വയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിക്കാണ് ചുമതല. വിലക്ക് നേരിട്ട ഭരണസമിതിക്ക് പകരം അഡ്‌ഹോക് കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും വനിതാ അധ്യക്ഷ വേണമെന്ന താരങ്ങളുടെ നിര്‍ദേശം പരിഗണിച്ചിട്ടില്ല. 

ഭൂപീന്ദര്‍ സിങ് ബജ്‌വയാണ് അഡ്‌ഹോക് കമ്മിറ്റി തലവന്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായ ബജ്‌വ നേരത്തെ ഫെഡറേഷന്‍ വിലക്ക് നേരിട്ടപ്പോഴും അഡ്‌ഹോക് കമ്മിറ്റി അംഗമായിരുന്നു. ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യാന്തര മത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതടക്കമുള്ള ചുമതലകളും താല്കാലിക സമിതിക്കുണ്ടാകും. ഐഒഎ പ്രസിഡന്റ് പിടി ഉഷയാണ് സമിതിയെ പ്രഖ്യാപിച്ചത്. 

കഴിഞ്ഞയാഴ്ച തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിക്കെതിരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ രംഗത്തെത്തിയിരുന്നു. ബ്രിജ് ഭൂഷന്റെ വിശ്വസ്തനാണ് സഞ്ജയ് കുമാര്‍ സിങ്. 

ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ബ്രിജ് ഭൂഷന്‍ നടത്തിയ പ്രസ്താവനയാണ് ഗുസ്തി താരങ്ങളെ പ്രകോപിപ്പിച്ചത്. തനിക്ക് സ്വാധീനമുണ്ട്, അത് ഉപയോഗിക്കുകയും ചെയ്യും എന്നായിരുന്നു ബ്രിജ് ഭൂഷന്‍ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സാക്ഷി മാലികിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടന്നത്. തുടര്‍ന്ന് ബജ്‌രംഗ് പൂനിയ അടക്കമുള്ളവര്‍ മെഡലുകള്‍ തിരികെ നല്‍കിയിരുന്നു. കഴിഞ്ഞദിവസം പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. 

ഹരിയാനയില്‍ തലവേദനയായി ബ്രിജ് ഭൂഷന്‍ 

കിഴക്കന്‍ ഹരിയാന ഒഴികെയുള്ള മേഖലകളില്‍ ജാട്ടുകള്‍ നിര്‍ണായക ശക്തിയാണ്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, സത്യവര്‍ത് കഠിയാന്‍ തുടങ്ങിയവര്‍ ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നത് ഗുണം ചെയ്യില്ലെന്ന് താരങ്ങളുടെ സമരത്തിന്റെ തുടക്കം മുതല്‍ മനസ്സിലാക്കിയ ഹരിയാനയിലെ ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്ന താരങ്ങള്‍ക്ക് പരസ്യ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. 

ഹരിയാനയിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം ജാട്ടുകളാണ്. അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളുടെ സമരം തിരിച്ചടിയാകുമെന്നതും ഉറപ്പാണ്. എല്ലാ ഗ്രാമങ്ങളിലും ഗുസ്തിക്കാരുള്ള ഹരിയാനയില്‍ ബിജെപിക്കെതിരെ ഇതിനോടകം ജനവികാരം ഉയര്‍ന്നുകഴിഞ്ഞു.


#Daily
Leave a comment