TMJ
searchnav-menu
post-thumbnail

TMJ Daily

ഗള്‍ഫില്‍നിന്നും സ്വര്‍ണം കൊണ്ടുവരുന്നത് കേരളത്തിന്റെ 'സവിശേഷമായ പ്രശ്‌നം': സുപ്രീംകോടതി

16 Dec 2024   |   1 min Read
TMJ News Desk

ള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതിനെ സംസ്ഥാനത്തിന്റെ 'സവിശേഷമായ പ്രശ്‌നം' എന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചു. 2024 ഏപ്രിലില്‍ കേരള ഹൈക്കോടതി ഏതാനും ലക്ഷത്തിന്റെ സ്വര്‍ണവുമായി ഗള്‍ഫില്‍ നിന്നെത്തിയ ഒരാളെ 1974-ലെ കോഫപോസ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത് തടഞ്ഞതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജല്‍ ഭുയ്യനും അടങ്ങിയ ബഞ്ചാണ് ഇപ്രകാരം പറഞ്ഞത്.

ഈ കേസില്‍ പ്രതിയായ സിറാജ് എന്ന വ്യക്തിക്ക് എതിരെ മുമ്പും സമാനമായ സ്വര്‍ണ കള്ളക്കടത്ത് കേസ് ഉണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്യര്യ ഭാട്ടി പറഞ്ഞപ്പോഴാണ് കോടതിയുടെ വാചികമായ നിരീക്ഷണം ഉണ്ടായത്.

'ഇത് കേരളവുമായി ബന്ധപ്പെട്ട സവിശേഷ പ്രശ്‌നമാണ്. സ്വര്‍ണം കൊണ്ടുവരുന്ന ധാരാളം കേസുകള്‍ ഉണ്ട്. ആളുകള്‍ പോകുന്നു, ദിര്‍ഹത്തില്‍ സമ്പാദിക്കുന്നു, സ്വര്‍ണം വാങ്ങിക്കുന്നു. എന്നിട്ട് തിരികെ വരുന്നു,' ജസ്റ്റിസ് കാന്ത് പറഞ്ഞു.

യുഎഇയില്‍ നിന്നും വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരുന്നത് കേരളത്തിലെ സാധാരണ പ്രത്യേകതയാണെന്ന് തോന്നുന്നതായി ബെഞ്ച് പറഞ്ഞു.

ഏകദേശം എല്ലാവരും സ്വര്‍ണം വാങ്ങിക്കുന്നത് കേരളത്തിന്റെ സംസ്‌കാരത്തിലെ സവിശേഷ പ്രത്യേകതയാണെന്ന് ജസ്റ്റിസ് കാന്ത് പറഞ്ഞു. സംസ്ഥാനത്തില്‍ സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നുവെന്നും ജഡ്ജി പറഞ്ഞു.

ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ബഞ്ച് വിസമ്മതിച്ചു. കോഫപോസ പ്രകാരമുള്ള കേന്ദ്രത്തിന്റെ അപ്പീല്‍ ബെഞ്ച് തള്ളി. എന്നാല്‍ കസ്റ്റംസ് ആക്ട് പ്രകാരം സിറാജിനെതിരെ മറ്റൊരു നിയമനടപടി ഉള്ളതായി ഭാട്ടി പറഞ്ഞത് കോടതി രേഖപ്പെടുത്തി.




#Daily
Leave a comment