ഋഷി സുനക് | Photo: PTI
അഭയാർത്ഥികൾക്കായി പത്തേമാരി; അനധികൃത കുടിയേറ്റം തടയാൻ ബ്രിട്ടൺ
അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനായി വീണ്ടും പദ്ധതികൾ ആവിഷ്‌കരിച്ച് ബ്രിട്ടൺ. ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത ബോട്ടിലെത്തുന്നവരെ താമസിപ്പിക്കാൻ പത്തേമാരികൾ വാങ്ങിയിരിക്കുകയാണ് ഋഷി സുനക് ഗവൺമെന്റ്. ഇതുവരെ രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് ഹോട്ടലുകളിലും കൗൺസിൽ ഹോമുകളിലുമായിരുന്നു താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ മാറ്റത്തിലൂടെ പത്തേമാരികളിലായിരിക്കും സൗകര്യം ഒരുക്കുക.
കെന്റിലെ അതിർത്തി പട്ടണമായ ഡോവറിൽ വാർത്താ സമ്മേളനത്തിലാണ് ഋഷി സുനക് തീരുമാനം വെളിപ്പെടുത്തിയത്. ആദ്യത്തെ കപ്പൽ ഈ മാസം അവസാനത്തോടെയും മറ്റ് രണ്ട് കപ്പലുകൾ ഉടൻ തന്നെ 1,000 കുടിയേറ്റക്കാരെ ഉൾക്കൊള്ളാൻ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമ വിരുദ്ധ കുടിയേറ്റ ബിൽ എന്നറിയപ്പെടുന്ന സുപ്രധാന നിയമനിർമ്മാണത്തിന് ഹൗസ് ഓഫ് കോമൺസിൽ അംഗീകാരം നല്കിയിട്ടുണ്ടെന്നും അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്നതിനും നാടു കടത്തുന്നതിനുമുള്ള അവകാശം തന്റെ സർക്കാരിനു നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃതമായി കുടിയേറി വരുന്നവരെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയോ അല്ലെങ്കിൽ, ഉഗാണ്ടയിലേക്ക് മാറ്റി പുനരധിവാസത്തിന് സൗകര്യമൊരുക്കി കൊടുക്കുകയോ ചെയ്യും. ഇതാണ് ബ്രിട്ടന്റെ പുതിയ പദ്ധതി. ഇതിനായി കഴിഞ്ഞ ദിവസം 500 പേർക്ക് വീതം താമസിക്കാവുന്ന രണ്ട് പത്തേമാരികൾ ബ്രിട്ടൺ പുതുതായി വാങ്ങി. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഈ ബോട്ടുകൾ ഏത് സ്ഥലത്തായിരിക്കുമെന്നുള്ളത് തീരുമാനമായിട്ടില്ല. തുറമുഖ പട്ടണമായ ഡോവറിലേക്കാണ് മിക്കവാറും ഇത്തരം കുടിയേറ്റക്കാരുടെ വരവ്. അതിനാൽ തന്നെ ഡോവറിനു സമീപമുള്ള കെന്റിലോ സമീപ തുറമുഖ നഗരങ്ങളെ കേന്ദ്രീകരിച്ചോ ആയിരിക്കും ഈ പത്തേമാരികൾ നങ്കൂരമിടുക.
നടപടി ശക്തമാക്കി ബ്രിട്ടൺ
ബ്രിട്ടീഷ് സർക്കാർ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർക്കശമായി നടപടികൾ പ്രഖ്യാപിക്കുകയും അവ ഒന്നൊന്നായി നടപ്പിലാക്കി തുടങ്ങുകയും ചെയ്തതോടെ ഫൈബർ ബോട്ടുകളിലുള്ള അനധികൃത കുടിയേറ്റം ഏതാനും ആഴ്ചകൾക്കുള്ളിൽ അഞ്ചിലൊന്നായി കുറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പുതിയ ബാർജുകൾ വാങ്ങാനുള്ള തീരുമാനം. അൽബേനിയൻ സർക്കാരുമായി ബ്രിട്ടൺ ഉണ്ടാക്കിയ കരാർ പ്രകാരം കടൽ കടന്നെത്തിയ 1800 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി തിരിച്ചയച്ചത്. കടൽ കടന്നെത്തുന്നവരെ ബാർജുകളിൽ പുനഃരധിവസിപ്പിക്കുന്നതിലൂടെ ലോക്കൽ കൗൺസിലുകളുടെ മേലുള്ള സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. മൂവായിരത്തോളം അഭയാർത്ഥികളെ വെതർഫീൽഡിലെ മിലിട്ടറി സൈറ്റിൽ പാർപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വിവിധ സർക്കാർ കണക്കുകൾ പ്രകാരം, 2022ൽ യൂറോപ്പിൽ നിന്ന് ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് അനധികൃതമായി കുടിയേറ്റത്തിന് ശ്രമിച്ചത് 45,756 പേരാണ്. ബ്രിട്ടണിലേക്ക് ഏറ്റവും കൂടുതൽ അഭയാർത്ഥികളെത്തിയതും കഴിഞ്ഞ വർഷമായിരുന്നു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തെ കാലയളവിൽ 3,793 പേരാണ് ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത ബോട്ടിൽ ബ്രിട്ടണിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4,548 ആയിരുന്നു. ഇത്തരത്തിൽ കടൽ കടന്നെത്തുന്നവരെ പിടികൂടി ഉടൻ ഏതെങ്കിലും ഹോട്ടലിലോ കൗൺസിൽ ഹോമുകളിലോ പാർപ്പിക്കുകയാണ് നിലവിലുള്ള സർക്കാർ രീതി. പിന്നീട് ഇവർ അഭയാർത്ഥികളായി പരിഗണിക്കപ്പെടാൻ അപേക്ഷ നൽകും. കാലക്രമത്തിൽ ഈ അപേക്ഷകളിൽമേൽ തീർപ്പായി രാജ്യത്ത് ജീവിക്കുന്നതിനുള്ള അനുമതി ലഭിക്കും. ഈ പരിഗണനയിൽ മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അഭയാർത്ഥി അപേക്ഷകളിൽ തീരുമാനം ആകും വരെ പരിമിതമായ സൗകര്യങ്ങളെ ബ്രിട്ടണിൽ ലഭ്യമാകൂ എന്ന സ്ഥിതി വന്നാൽ തന്നെ അഭയാർത്ഥി ഒഴുക്കു കുറയുമെന്നാണ് സർക്കാർ വിലയിരുത്തൽ. വരുന്നവരെ തിരിച്ചയക്കാൻ പല സർക്കാരുകളുമായി ബ്രിട്ടൺ ധാരണയിലെത്തിയിട്ടുമുണ്ട്. പിന്നീട് അഭയാർത്ഥികളായി പരിഗണിക്കുന്നവരെ റുവാണ്ടയിലേക്ക് അയച്ച് പുനഃരധിവാസത്തിന് സഹായം നല്കാനുള്ള പദ്ധതിക്കെതിരെ ആക്ഷേപങ്ങൾ ഉയരുകയാണെങ്കിലും അനധികൃത കുടിയേറ്റം ഏറെക്കുറെ പൂർണമായും തടയാൻ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ഈ വർഷം ഇംഗ്ലിഷ് ചാനൽ വഴി ചെറുബോട്ടുകളിൽ യു.കെയിലേക്ക് അനധികൃതമായി കുടിയേറ്റത്തിന് ശ്രമിച്ചവരിൽ മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യാക്കാരാണെന്നും ഇവരിൽ കൂടുതലും വിദ്യാർത്ഥികളാണെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച് ജനുവരി 1 മുതൽ ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന 1,180 പേരിൽ 250ഓളം പേർ ഇന്ത്യക്കാരായിരുന്നു.