TMJ
searchnav-menu
post-thumbnail

TMJ Daily

ബ്രിട്ടീഷ് യുദ്ധവിമാനം ചൊവ്വാഴ്ച പറന്നുയരും

21 Jul 2025   |   1 min Read
TMJ News Desk

ടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം നാളെ പറന്നുയരും. ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ കപ്പലിൽനിന്ന് പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ ജൂൺ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്.

അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചിരുന്നു. തുടർന്ന് ബ്രിട്ടനില്‍നിന്ന് 14 വിദഗ്ധർ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള ഉപകരണങ്ങളുമായെത്തി
വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. വിദഗ്ധരെയും ഉപകരണങ്ങളും തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള ഗ്ലോബ്മാസ്റ്റര്‍ വിമാനം നാളെയെത്തുമെന്നാണു വിവരം.

വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ്, വിമാനമിറക്കിയതിന്റെ ലാന്‍ഡിങ് ചാര്‍ജ് എന്നിവ വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്ക് ബ്രിട്ടിഷ് അധികൃതര്‍ നൽകും. ഹാങർ സംവിധാനം നൽകിയതിന് എയർ ഇന്ത്യയ്ക്കും പണം ലഭിക്കും.

സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള എഫ് 35 വിമാനം ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ അനുയോജ്യമായതാണ്.


#Daily
Leave a comment