TMJ
searchnav-menu
post-thumbnail

TMJ Daily

എഫ്-35ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടീഷ് സംഘം തിരുവനന്തപുരത്ത് എത്തി

06 Jul 2025   |   1 min Read
TMJ News Desk

തിരുവനന്തപുരം വിമാനത്താവളത്തിൽ തകരാർ മൂലം കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35ബി പരിശോധിക്കാനും അറ്റക്കുറ്റപ്പണി ചെയ്ത് തിരികെ കൊണ്ടുപോകാനുമുള്ള ബ്രിട്ടീഷ് സംഘം തിരുവനന്തപുരത്തെത്തി. സംഘത്തെ എത്തിച്ച വിമാനം ഇന്ന് തിരികെപ്പോവും, എഞ്ചിനീയർമാർ കേരളത്തിൽ തുടരും. തിരുവനന്തപുരം ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിൽ വിമാനം എത്തിച്ച് തകരാർ പരിഹരിക്കാനുള്ള ശ്രമം സംഘം നടത്തും. ശ്രമം പരാജയപ്പെട്ടാൽ വിമാനത്തിന്റെ ചിറകുകൾ അഴിച്ചുമാറ്റി വിമാനത്തെ ബ്രിട്ടനിലേക്ക് കൊണ്ടുപോകും.

ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഇറക്കിയ എഫ്-35ബി വിമാനം, ഇറക്കുന്നതിനിടെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചത് മൂലം വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. ഇന്ത്യ-പസിഫിക് മേഖലയിലൂടെ പോവുകയായിരുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലിൽ നിന്നാണ് എഫ്-35ബി പറന്നുയർന്നത്. ജൂൺ 14നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. 

വിമാനവാഹിനി കപ്പലിൽ നിന്നുള്ള എൻജിനീയർമാർ എഫ്-35ബി പരിശോധിച്ച് പ്രശ്നം ശരിയാക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് എൻജിനീയർമാർ എത്തിയ ഹെലികോപ്റ്ററിൽ എഫ്-35ബിയുടെ പൈലറ്റും മടങ്ങി. ബ്രിട്ടനിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ തുടർന്നു. അറ്റക്കുറ്റപണികൾക്കായി ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തിൽ തുടരുമെന്നാണ് സൂചനകൾ.


#Daily
Leave a comment