ഭവാനി ദേവി | Photo: Twitter
ഭവാനി ദേവിക്ക് വെങ്കലം; ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രം കുറിച്ച് ഭവാനി ദേവി. ചൈനയിലെ വുക്‌സിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയാണ് ഭവാനി ദേവിയുടെ അഭിമാന നേട്ടം.
ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചാണ് ഇന്ത്യയ്ക്കായി ഭവാനി ദേവി മെഡൽ ഉറപ്പിച്ചത്. എന്നാൽ സെമിഫൈനലിൽ തോറ്റതോടെ മെഡൽ നേട്ടം വെങ്കലത്തിൽ ഒതുങ്ങി. വനിതകളുടെ സാബ്രെ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ മിസാകി എമുറയെ 15-10 എന്ന സ്‌കോറിനാണ് ഭവാനി ദേവി തോൽപ്പിച്ചത്. മിസാകിക്കെതിരെ കരിയറിലെ ആദ്യ ജയമാണ് ഭവാനിക്ക് ഇത്. എന്നാൽ സെമിഫൈനലിൽ ഉസ്‌ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോട് തോറ്റു. 15-14 എന്ന സ്‌കോറിനായിരുന്നു ഉസ്ബെക് താരത്തിന്റെ ജയം. കസാക്കിസ്ഥാന്റെ ഡോസ്‌പേ കരീനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരത്തിന്റെ ക്വാർട്ടർ പ്രവേശനം.
ഭവാനിയുടെ ചരിത്ര നേട്ടത്തെ ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത അഭിനന്ദിച്ചു. ''ഇന്ത്യൻ ഫെൻസിംഗിന് ഇത് വളരെ അഭിമാനകരമായ ദിവസമാണ്. ഇതുവരെ ആർക്കും നേടാനാകാത്ത നേട്ടമാണ് ഭവാനി നേടിയത്. ഈ വിജയത്തിൽ ഭവാനി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു,'' മേത്ത പറഞ്ഞു. സെമിഫൈനലിൽ തോറ്റെങ്കിലും മത്സരം വളരെ വിഷമമേറിയതായിരുന്നു. എന്നാൽ ഭവാനി മികച്ച പ്രകടനം കാഴ്ചവെക്കുകയും പുരോഗതി നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി
ഫെൻസിങ് ഇനത്തിൽ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരിയായിരുന്നു സിഎ ഭവാനി ദേവി. 2021 ൽ ഹംഗറിയിൽ വെച്ച് നടന്ന ഫെൻസിങ് ലോകകപ്പിലെ പ്രകടനത്തിലൂടെയാണ് ഭവാനിക്ക് ഒളിംപിക്‌സ് യോഗ്യത ലഭിച്ചത്. ചെന്നൈയിൽ ജനിച്ച ഭവാനി ദേവി പത്താം ക്ലാസിനു ശേഷം തലശേരി സായി കേന്ദ്രത്തിലാണ് ഫെൻസിങ്ങിൽ കൂടുതൽ പരിശീലനം നേടിയത്. 2010 ൽ ഫിലിപ്പീൻസിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടി.