
ക്രൂരമായ ലൈംഗിക ചൂഷണം: പെറുവിലെ ക്രിസ്ത്യൻ പ്രസ്ഥാനത്തിൽ നിന്ന് കൂട്ട പുറത്താക്കൽ
അധികാരവും ആത്മീയതയും ഉപയോഗിച്ച് ക്രൂരമായി ലൈഗിംക ചൂഷണം ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്ന് പെറുവിലെ കത്തോലിക്കാ പ്രസ്ഥാനത്തിൽ നിന്ന് 10 പേരെ പുറത്താക്കി ഫ്രാൻസിസ് മാർപാപ്പ. ബിഷപ്പ്, പുരോഹിതർ എന്നിവർ ഉൾപ്പടെയുള്ളവരായാണ് പുറത്താക്കിയത്.
പെറുവിലെ എസ് സി വി (സോഡാലിഷ്യം ക്രിസ്ത്യൻ മൂവ്മെന്റ്) എന്ന ക്രിസ്ത്യൻ വിഭാഗത്തിന്റെ സ്ഥാപകനായ ലൂയിസ് ഫിഗാരി പുറത്താക്കിയവരിൽ ഉൾപ്പെടുന്നു. ക്രൈസ്തവ വിശ്വാസത്തിനെതിരായി ലൈംഗിക ദുരുപയോഗം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫിഗാരിയെ പുറത്താക്കിയത്. ഫ്രാൻസിസ് മാർപാപ്പ എടുത്ത പ്രത്യേക തീരുമാനമാണ് ഈ പുറത്താക്കലെന്ന് വത്തിക്കാൻ എംബസിയുടെ വെബ്സൈറ്റിൽ പറയുന്നു, പെറുവിലെ ബിഷപ്പ് കോൺഫറസിൽ വച്ചാണ് പുറത്താക്കൽ പ്രഖ്യാപിച്ചത്.
ലാറ്റിനമേരിക്കയിൽ 1960 കളിൽ തുടങ്ങി, ഇടതുപക്ഷ ചായ്‌വുള്ള വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തോടുള്ള യാഥാസ്ഥിതികരുടെ എതിർപ്പിൽ രൂപം കൊണ്ട് നിരവധി കത്തോലിക്കാ സമൂഹങ്ങളിലൊന്നാണിത് "ദൈവത്തിനായുള്ള പടയാളികളെ" റിക്രൂട്ട് ചെയ്യുന്നതിനുള്ള ഗ്രൂപ്പായി 1971 ൽ ഫിഗാരി എസ് സി വി ( SCV) സ്ഥാപിച്ചത്.
ശാരീരിക പീഡനങ്ങൾ, മനഃസാക്ഷിയുടെ ദുരുപയോഗം, ആത്മീയ ദുരുപയോഗം, അധികാര ദുർവിനിയോഗം, സഭാ പണം കൈകാര്യം ചെയ്യുന്നതിലെ സാമ്പത്തിക ദുരുപയോഗം, എന്നിവയാണ് വത്തിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു.
ഫിഗാരിയുടെ ദുരുപയോഗത്തിന് ഇരയായവർ 2011-ൽ ലിമ അതിരൂപതയിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ അതിരൂപതയോ, ഉയർന്ന സഭാ നേതൃത്വങ്ങളോ നടപടികളൊന്നും സ്വീകരിച്ചില്ല. അശ്ലീലം, പ്രതികാരം, കൃത്രിമം, വംശീയത, ലൈംഗികത, എന്നീ വിഷയങ്ങളിൽ തല്പരരാണ് സൊഡാലിഷ്യത്തിലെ അംഗങ്ങളെന്ന വാദവും ഉയർന്നിരുന്നു.
2017ൽ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടാണ് ഫിഗാരി എസ് വി യിലെ ലൈംഗിക ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാക്കുന്നത്. അതിജീവിതരുടെ മേലുള്ള തൻ്റെ നിയന്ത്രണം വർദ്ധിപ്പിക്കുന്നതിനായി മറ്റുള്ളവരുടെ മുന്നിൽ അവരെ അപമാനിച്ചിരുന്നതായും റിപ്പോർട്ട് പറയുന്നു.
ഫിഗാരിയുടെ ഇരകളിൽ ഒരാളായ പെഡ്രോ സലീനാസ് പത്രപ്രവർത്തകനായ പൗളോ ഉഗാസിനൊപ്പം ഹാഫ് മങ്ക്സ്, ഹാഫ് സോൾജിയേഴ്സ് എന്ന പുസ്തകം എഴുതുന്നതുവരെ പ്രാദേശിക സഭയോ വത്തിക്കാനോ ശക്തമായ നടപടി സ്വീകരിച്ചില്ല.
എന്നിട്ടും 2017-ൽ ഫിഗാരിയെ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കാൻ സഭ വിസമ്മതിച്ചു, റോമിലെ സോഡാലിഷ്യം കമ്മ്യൂണിറ്റിയിൽ നിന്ന് വേറിട്ട് ജീവിക്കാനും അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനും ഉത്തരവിടുക മാത്രമാണ് സഭ ചെയ്തത്.
ലൈംഗിക ദുരുപയോഗം കൂടാതെ സോഡാലിഷ്യം പുരോഹിതരെയും ഉൾപ്പെടുത്തി ഫിഗാരി ഇരകളുടെ ആശയവിനിമയങ്ങൾ ചോർത്തിയതായി വത്തിക്കാൻ അന്വേഷണത്തിൻ്റെ കണ്ടെത്തലുകൾ പറയുന്നു. പുരോഹതിതർ എല്ലാവരും അവരുടെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ചെയ്ത കുറ്റകൃത്യങ്ങൾ മറച്ചുവെച്ചു.
വത്തിക്കാനിലെ അന്വേഷണ ഉദ്യോഗസ്ഥരായ മാൾട്ടീസ് ആർച്ച് ബിഷപ്പ് ചാൾസ് സിക്ലൂണയും മോൺസിഞ്ഞോർ ജോർഡി ബെർട്ടോമ്യൂവും ചേർന്നാണ് ഫിഗാരിക്കെതിരെ അന്വേഷണം നടത്തിയത്.
പുറത്താക്കപ്പെടുന്നവരിൽ ഏറ്റവും ഉയർന്ന പദവിയുള്ള വ്യക്തി ആർച്ച് ബിഷപ്പ് ജോസ് അൻ്റോണിയോ എഗുറൻ ആയിരുന്നു, എസ് സി വി യിലെ ഉള്ളിലെ കാര്യങ്ങളെ കുറിച്ച് പുസ്തകമെഴുതിയ സലീനാസിനും ഉഗാസിനും എതിരെ കേസ് നൽകിയതിനെ തുടർന്ന് പിയൂരയിലെ ബിഷപ്പ് സ്ഥാനം രാജിവയ്ക്കാൻ ജോസ് അന്റോണിയോ നിർബന്ധിതനായിരുന്നു.
ഫിഗാരി, സ്വന്തം താൽപ്പര്യങ്ങൾക്കായി നടത്തിയ ദുരുപയോഗങ്ങൾക്ക് പുറമേ, സോഡാലിഷ്യവുമായി ബന്ധപ്പെട്ട ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർക്ക് വേണ്ടി എഗൂറന് കീഴിൽ വരുന്ന രൂപതയിലെ കർഷകരെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സോഡാലിഷ്യത്തിൻ്റെ ഓഫ്-ഷോർ ഹോൾഡിംഗുകളെക്കുറിച്ചും മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചും റിപ്പോർട്ട് ചെയ്തതിന് ശേഷം തങ്ങളുടെ ആശയവിനിമയങ്ങൾ 2023ൽ ഹാക്ക് ചെയ്യപ്പെട്ടതായി മാധ്യമങ്ങൾ പറയുന്നു.
സോഡാലിഷ്യം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വളരെയധികം ശക്തിയുള്ള ഒരു സംഘടനയായത് കൊണ്ട് തന്നെ പെറുവിൽ, അതിജീവിച്ചവർക്ക് ഒരിക്കലും നീതിയും നഷ്ടപരിഹാരവും ലഭ്യമാകില്ലെന്ന് അതിജീവിതർ പറയുന്നു.


