TMJ
searchnav-menu
post-thumbnail

TMJ Daily

നുഴഞ്ഞുകയറാന്‍ ശ്രമിച്ച 7 ഭീകരരെ ബിഎസ്എഫ് വധിച്ചു

09 May 2025   |   1 min Read
TMJ News Desk

മ്മുകശ്മീരിലെ സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ചുവെന്ന് അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള വലിയൊരു സംഘം ഭീകരരുടെ ശ്രമത്തെ പരാജയപ്പെടുത്തിയും സേന അറിയിച്ചു.

പാക് സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ധന്‍ധാര്‍ പോസ്റ്റില്‍ നിന്നും പാക്കിസ്താന്‍ റേഞ്ചര്‍മാര്‍ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം.

ജമ്മുവിലെ ഉറിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്ന് രാവിലെ പാക് വ്യോമാക്രമണ ഭീഷണിയെ തുടര്‍ന്ന് ഹരിയാനയില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ജനങ്ങളോട് വീട്ടിനുള്ളില്‍ കഴിയാന്‍ അധികൃതര്‍ അറിയിപ്പ് നല്‍കി. പിന്നീട് ആക്രമണ മുന്നറിയിപ്പ് പിന്‍വലിച്ചു.

രാത്രിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബാരാമുള്ളയിലെ ലഗാമ ഗ്രാമത്തില്‍ അനവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടം സംഭവിച്ചു.

ജമ്മു നഗരത്തിലും മറ്റ് ഭാഗങ്ങളിലും ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയ പാക് ഡ്രോണ്‍ ആക്രമണത്തിന്റെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു സന്ദര്‍ശിക്കുന്നു. റോഡ് മാര്‍ഗമാണ് അദ്ദേഹം ജമ്മുവിലേക്ക് യാത്ര ചെയ്യുന്നത്.

ജമ്മു എയര്‍ഫോഴ്‌സ് ബേസില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യം വ്യാജമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധന സംഘം കണ്ടെത്തി. രജൗരിയില്‍ സൈന്യത്തിന് നേരെ ചാവേറാക്രമണം നടന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് പിഐബി അറിയിച്ചു.

ജലന്ധറില്‍ ഡ്രോണാക്രമണം നടന്നുവെന്ന പ്രചാരണവും വ്യാജമാണെന്ന് പിഐബി അറിയിച്ചു. ഇത് വയലിന് തീപിടിച്ചതിന്റെ ദൃശ്യങ്ങളാണെന്നും പിഐബി എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഗുജറാത്തിലെ ഹാസിറ തുറമുഖത്തില്‍ ആക്രമണം നടന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും തെറ്റാണെന്ന് പിഐബി അറിയിച്ചു.



#Daily
Leave a comment