TMJ
searchnav-menu
post-thumbnail

TMJ Daily

പാകിസ്താന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

14 May 2025   |   1 min Read
TMJ News Desk

ചൂടില്‍നിന്നും രക്ഷതേടി ഇന്ത്യ-പാക് അതിര്‍ത്തിയിലെ മരത്തണലില്‍ അഭയം തേടിയപ്പോള്‍ അതിര്‍ത്തി കടന്നുവെന്നാരോപിച്ച് പാകിസ്താന്‍ സൈന്യം പിടികൂടിയ ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ സാഹുവിനെ മോചിപ്പിച്ചു. മൂന്നാഴ്ച്ചയ്ക്കുശേഷമാണ് സാഹുവിനെ മോചിപ്പിക്കുന്നത്. അദ്ദേഹത്തെ ഇന്ന് രാവിലെ അട്ടാരി-വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യക്ക് കൈമാറി.

ഏപ്രില്‍ 23ന് ഫിറോസ്പൂര്‍ മേഖലയില്‍ പട്രോളിങ് ഡ്യൂട്ടിയില്‍ ആയിരുന്നപ്പോഴാണ് പാക്കിസ്താന്‍ റേഞ്ചര്‍മാര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന സാഹുവിനെ കസ്റ്റഡിയിലെടുത്തത്.

സാഹുവിന്റെ മോചനത്തിനായി പാക് റേഞ്ചര്‍മാരുമായുള്ള പതിവ് ഫ്‌ളാഗ് യോഗത്തിലും മറ്റ് ആശയവിനിമയങ്ങളിലും കൂടി പരിശ്രമിച്ചുവരികയായിരുന്നു.

പഞ്ചാബിലെ ഫിറോസ്പൂരില്‍ അതിര്‍ത്തിയിലെ വേലിയ്ക്ക് സമീപം കൃഷി ചെയ്യുന്ന കര്‍ഷകരുടെ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു 182ാം ബറ്റാലിയനിലെ ജവാനായ സാഹു. അതിര്‍ത്തിയില്‍ കൃഷി ചെയ്യുന്ന പ്രാദേശിക കര്‍ഷകര്‍ക്ക് സുരക്ഷയൊരുക്കുന്നത് പതിവ് രീതിയാണ്.

മെയ് 3ന് രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വച്ച് ഒരു പാക് റേഞ്ചറെ ബിഎസ്എഫ് പിടികൂടിയിരുന്നു. ഇതിന് 11 ദിവസങ്ങള്‍ക്കുശേഷമാണ് സാഹുവിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് സാഹു.






#Daily
Leave a comment