
ബിഎസ്എന്‍എല്‍ ജിയോയ്ക്ക് ബില്ല് നല്‍കിയില്ല; സര്‍ക്കാരിന് 1757 കോടി രൂപ നഷ്ടമെന്ന് സിഎജി
പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരു ദശാബ്ദമായി റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ബില്ല് നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയത് മൂലം സര്‍ക്കാരിന് 1,757.56 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎജി കണ്ടെത്തി.
മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് അനുസരിച്ചുള്ള വ്യവസ്ഥകള്‍ ബിഎസ്എന്‍എല്‍ നടപ്പിലാക്കിയില്ല. ഇരുകമ്പനികളും പങ്കുവയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ അധിക സാങ്കേതികവിദ്യ വിന്യസിച്ചതിന് ബിഎസ്എന്‍എല്‍ ചാര്‍ജ് ചെയ്തുമില്ല. 2014 മെയ് മുതല്‍ 2024 മാര്‍ച്ച് വരെയാണ് ഈ വീഴ്ച്ച വരുത്തിയത്. ഇതുമൂലം സര്‍ക്കാരിന് ലഭിക്കേണ്ട പിഴ പലിശയടക്കമുള്ള തുക നഷ്ടമായിയെന്ന് സിഎജി കണ്ടെത്തി.
കൂടാതെ, ടെലികോം അടിസ്ഥാന സൗകര്യ ദാതാക്കള്‍ക്ക് നല്‍കിയ പേയ്‌മെന്റില്‍ നിന്നും ലൈസന്‍സ് ഫീസ് കുറയ്ക്കാത്തത് മൂലം 38.36 കോടി രൂപ ബിഎസ്എന്‍എല്ലിന് നഷ്ടമായി. അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവച്ചതിലെ ബില്ലിലെ ക്രമക്കേടുകളും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ബിഎസ്എന്‍എല്‍ ജിയോയുമായി ഏര്‍പ്പെട്ട എംഎസ്എയിലെ വ്യവസ്ഥകളും നിബന്ധനകളും പാലിക്കാത്തതും മറ്റും കാരണം 29 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായി.