TMJ
searchnav-menu
post-thumbnail

TMJ Daily

ബജറ്റ് 2024; സ്വർണ്ണത്തിനും മൊബൈല്‍ ഫോണുകള്‍ക്കും വില കുറയും

23 Jul 2024   |   1 min Read
TMJ News Desk

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാന്‍സര്‍ മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുടെയും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വര്‍ണ്ണം ഗ്രാമിന് 420 രൂപവരെ കുറയാനും സാധ്യതയുണ്ട്.  പ്ലാറ്റിനത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6.4 ശതമാനവും കുറച്ചു. മൂന്ന് കാന്‍സര്‍ മരുന്നുകളുടെ വില കുറക്കുന്ന സാഹചര്യത്തില്‍ ഇവ നികുതിയില്‍ നിന്ന് ഒഴിവാക്കും. 

അതേസമയം, സോളാര്‍ സെല്ലുകള്‍ക്കും പാനലുകള്‍ക്കുമുള്ള തീരുവ ഇളവ് നീട്ടില്ല. പിവിസി, ഫ്ലെക്സ് ബാനറുകള്‍ക്കുള്ള തീരുവ 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിച്ചു. നികുതി വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ ടെലികോം ഉപകരണങ്ങള്‍, അമോണിയം നൈട്രേറ്റ്, അജൈവ പ്ലാസ്റ്റിക് എന്നിവയ്‌ക്കെല്ലാം വില വര്‍ധിക്കും.

കാര്‍ഷിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബജറ്റ്

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് ചരിത്രപരമാണെന്ന് ബജറ്റ് പ്രസംഗം ആരംഭിച്ച ധനമന്ത്രി നിർമല സീതാരാമന്‍ പറഞ്ഞു.  ഇടക്കാല ബജറ്റില്‍ ദരിദ്രര്‍, സ്ത്രീകള്‍, യുവാക്കള്‍, അന്നദാതാവ് എന്നിവര്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളതെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി തിളങ്ങിക്കൊണ്ടിരിക്കുകയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലാണ് ബജറ്റ് ഊന്നല്‍ നല്‍കിയത്. കാര്‍ഷിക മേഖലയ്ക്കൊപ്പം നഗര വികസനം, തൊഴില്‍, നൈപുണ്യ വികസനം, കാര്‍ഷിക ഗവേഷണം, ഊര്‍ജ്ജ സുരക്ഷ, നവീകരണം, ഗവേഷണം, വളര്‍ച്ച, അടുത്ത തലമുറയെ മെച്ചപ്പെടുത്തല്‍ എന്നിവ  ഉള്‍പ്പെടുന്നു.


#Daily
Leave a comment