REPRESENTATIONAL IMAGE: WIKI COMMONS
ബഫർ സോൺ; സമ്പൂർണ നിയന്ത്രണങ്ങൾ നീക്കി സുപ്രീം കോടതി
ബഫർ സോൺ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി വ്യക്തത വരുത്തി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവാണ് കോടതി ഭേദഗതി ചെയ്തിരിക്കുന്നത്. കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാവില്ലെന്നും വലിയ നിർമാണ പ്രവർത്തനങ്ങൾ, ക്വാറി പ്രവർത്തനം എന്നിവയ്ക്ക് നിയന്ത്രണം ഉണ്ടാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ 23 സംരക്ഷിത മേഖലകൾക്ക് ഇതോടെ ഇളവ് ലഭിക്കും. കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടേയും 6 ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടേയും ബഫർ സോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നൽകിയിട്ടുണ്ട്.
ബഫർസോൺ പരിധിക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയന്ത്രണം പറ്റില്ലെന്ന് സുപ്രീം കോടതി മാർച്ച് 16 ന് വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. ബഫർ സോണിലെ നിർമാണ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ട് കഴിഞ്ഞ ജൂണിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അമിക്കസ് ക്യൂറി കെ.പരമേശ്വർ ഇത് ചൂണ്ടിക്കാട്ടിയപ്പോൾ സമ്പൂർണ നിയന്ത്രണം പറ്റില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെടുന്ന ബെഞ്ച് പ്രതികരിച്ചു. നിർമാണ നിരോധനം ജനങ്ങളുടെ തൊഴിൽ, ടൂറിസം എന്നിവയെ ബാധിക്കുമെന്നും, ഖനനം പോലുള്ള നിരോധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വിധിയിൽ പരാമർശിച്ചിരുന്നതെന്നും ജസ്റ്റിസ് ബി.ആർ.ഗവായ് പറഞ്ഞു.
2011 ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണാക്കി മാറ്റണമെന്നുമായിരുന്നു കഴിഞ്ഞ ജൂൺ മൂന്നിന് സുപ്രീം കോടതി നൽകിയ നിർദേശം.
തമിഴ്നാട്ടിലെ നീലഗിരി വനഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിലമ്പൂർ സ്വദേശിയായ ടി.എൽ.ഗോദവർമൻ തിരുമുൽപ്പാട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 2016 ൽ ഗോദവർമൻ തിരുമുൽപ്പാട് മരണപ്പെട്ടെങ്കിലും ഹർജിയുമായി സുപ്രീം കോടതി മുന്നോട്ടു പോകുകയായിരുന്നു.
വന മേഖലയോട് ചേർന്നു നടക്കുന്ന പ്രവർത്തനങ്ങൾ വനമേഖലയ്ക്ക് ദോഷകരമായി മാറാൻ സാധ്യതയുണ്ട്. വികസനപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ സംരക്ഷിത വനമേഖലയെ ബാധിക്കാതിരിക്കാൻ വനത്തിനും അതിന് പുറത്തുവരുന്ന നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധ്യതയുള്ളതുമായ പ്രദേശങ്ങൾക്കും ഇടയിൽ വരുന്ന നിശ്ചിത വിസ്തീർണമുള്ള പ്രദേശമാണ് പരിസ്ഥിതി ലോലപ്രദേശം അഥവാ ബഫർ സോൺ എന്ന് അറിയപ്പെടുന്നത്.