
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു; ഒരു മരണം
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം.തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ്(52) മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ബിന്ദുവിനെ പുറത്തെടുത്തപ്പോൾ അബോധാവസ്ഥയിലായിരുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ബിന്ദുവിനെ രക്ഷിക്കാനായില്ല. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ഏകദേശം 11 മണിക്ക് വലിയ ശബ്ദത്തോടെ കെട്ടിടം തകരുകയായിരുന്നു എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിലെ ശൗചാലയത്തിന്റെ ഭാഗമാണ് തകർന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ല എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും അമ്മയെ കാണാനില്ല എന്ന് ബിന്ദുവിന്റെ മകൾ പരാതിപ്പെട്ടപ്പോഴാണ് വിശദമായ തിരച്ചിൽ ആരംഭിച്ചത്.
ജെസിബി ഉപയോഗിച്ചാണ് അഗ്നിശമന സേനയും പോലീസും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയതെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.


