
ടെസ്റ്റില്‍ ബുംറ 200 വിക്കറ്റുകള്‍ തികച്ചു
ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നാലാം മത്സരത്തിന്റെ നാലാം ദിനത്തിലാണ് ബുംറ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്ങ്‌സില്‍ ഒരു റണ്‍സ് മാത്രമെടുത്ത ട്രാവിസ് ഹെഡിനെ ബുംറ പുറത്താക്കി.
അതിവേഗം 200 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് ബുംറ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പങ്കുവയ്ക്കുന്നു. ഇരുവരും 44 മത്സരങ്ങളില്‍ നിന്നാണ് 200 വിക്കറ്റുകള്‍ തികച്ചത്. ഇതുവരെ 12 ഇന്ത്യന്‍ ബൗളര്‍മാര്‍ 200 വിക്കറ്റുകളില്‍ അധികം നേടിയിട്ടുണ്ട്.
ഈ ടൂര്‍ണമെന്റില്‍ വച്ച് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ രവിചന്ദ്ര അശ്വിന്‍ ആണ് അതിവേഗം 200 വിക്കറ്റുകള്‍ തികച്ച ഇന്ത്യാക്കാരന്‍. 37
ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം 200 വിക്കറ്റുകള്‍ നേടി.
അതേസമയം നിയമപരമായി എറിഞ്ഞ പന്തുകളുടെ എണ്ണത്തില്‍ അതിവേഗം 200 വിക്കറ്റുകള്‍ തികച്ച താരമെന്ന റെക്കോര്‍ഡ് ബുംറയ്ക്കാണ്. 8,484 പന്തുകളില്‍ നിന്നാണ് അദ്ദേഹം നേട്ടം കൈവരിച്ചത്. മുഹമ്മദ് ഷമിയുടെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. 9,896 പന്തുകളില്‍ നിന്നാണ് ഷമി 200 തികച്ചത്. ഈ കണക്കില്‍ ഒന്നാമന്‍ പാകിസ്ഥാന്റെ വഖാര്‍ യൂനിസ് ആണ്. 7,725 പന്തുകള്‍. ബുംറയ്ക്ക് നാലാം സ്ഥാനം.
കൂടാതെ, 20 താഴെയുള്ള ശരാശരിയില്‍ 200 വിക്കറ്റ് തികച്ച ആദ്യ താരവും ബുംറയാണ്. 19.56 എന്നതാണ് ബുംറയുടെ ശരാശരി.
ലോകത്ത് അതിവേഗം 200 വിക്കറ്റുകള്‍ തികച്ചവരുടെ പട്ടികയില്‍ മൂന്നാമതാണ് അശ്വിന്റെ സ്ഥാനം. ഒന്നാമത് രണ്ട് ലെഗ് സ്പിന്നര്‍മാരാണ്. പാകിസ്താന്റെ യാസിര്‍ ഷായും ഓസീസിന്റെ ക്ലാരി ഗ്രിമെറ്റും. യാസിര്‍ 33 ടെസ്റ്റുകളില്‍ നിന്നും ക്ലാരി 36 ടെസ്റ്റുകളില്‍ നിന്നും 200 തികച്ചു.
ഹെഡിനെ കൂടാതെ മൂന്ന് ഓസീസ് താരങ്ങളെക്കൂടി ഇതുവരെ ബുംറ ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സില്‍ പുറത്താക്കി. ഒന്നാമിന്നിങ്‌സില്‍ തന്നെ നിര്‍ഭയം നേരിട്ട സാം കോണ്‍സ്റ്റാസിനെ വെറും എട്ട് റണ്‍സിന് ബുംറ പുറത്താക്കി. ആദ്യ ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ കോണ്‍സ്റ്റാസിന് രണ്ടാമിന്നിങ്‌സില്‍ ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്.
മിച്ചേല്‍ മാര്‍ഷിനെ പൂജ്യത്തിനും അലക്‌സ് കാരിയെ രണ്ട് റണ്‍സിനും ബുംറ പുറത്താക്കി. ഈ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെയുള്ള ബുംറയുടെ വിക്കറ്റ് നേട്ടം 28 ആണ്.
നാലാം ദിനം ഇന്ത്യയെ പുറത്താക്കാന്‍ ഒരു വിക്കറ്റ് മാത്രം മതിയായിരുന്ന ഓസീസ് കര്‍മ്മം അതിവേഗം പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ഒന്നാമിങ്ങ്‌സ് സെഞ്ച്വറിക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ നതാന്‍ ലിയോണിന്റെ പന്തില്‍ മിച്ചേല്‍ സ്റ്റാര്‍ക്ക് പിടികൂടി. റെഡ്ഡി 114 റണ്‍സ് എടുത്തു. ഇന്ത്യ 369 റണ്‍സിന് എല്ലാവരും പുറത്തായി.
രണ്ടാം ഇന്നിങ്ങ്‌സില്‍ സാം കോണ്‍സ്റ്റാസിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ഉസ്മാന്‍ ഖാവേജയും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഖവാജെയെ മുഹമ്മദ് സിറാജ് പുറത്താക്കി. തുടര്‍ന്നെത്തിയ സ്റ്റീവ് സ്മിത്തിന് 13 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. സിറാജിന് മുന്നില്‍ സ്മിത്ത് കീഴടങ്ങി.
തുടര്‍ന്ന് ബുംറയുടെ പ്രകടനമായിരുന്നു. 80 റണ്‍സിന് 3 എന്ന നിലയില്‍ നിന്നും 91 റണ്‍സിന് 6 എന്ന നിലയിലേക്ക് ഓസീസ് തകര്‍ന്നു. ഹെഡും മാര്‍ഷും കാരിയും ബുംറയുടെ പന്തുകളില്‍ വീണു.
139 പന്തില്‍ നിന്നും 70 റണ്‍സ് എടുത്ത ലബുഷെയ്‌നിനെ സിറാജ് പുറത്താക്കി.ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 57 പന്തില്‍ നിന്നും 28 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സും 5 പന്തിൽ നിന്നും 2 റൺസ് എടുത്ത സ്റ്റാർക്കും ആണ് ക്രീസിൽ. 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.
അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ മത്സരങ്ങളില്‍ വിജയിച്ചു. രണ്ടെണ്ണം സമനിലയിലായി.