
ഡെന്നിസ് ലില്ലിയുടേയും ആന്‍ഡി റോബര്‍ട്‌സിന്റേയും മിശ്രണമാണ് ബുംറ: ഗ്രെഗ് ചാപ്പല്‍
ഇന്ന് ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ ടെസ്റ്റ് വൈസ്-ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ട് ഈ 31 വയസ്സുകാരന്‍. ഓസ്‌ട്രേലിയക്ക് എതിരെ പെര്‍ത്തില്‍ എട്ട് വിക്കറ്റ് നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ഒന്നാമതെത്തിയത്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ പെര്‍ത്തില്‍ നയിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും മികച്ച പ്രകടനം ബുംറ കാഴ്ച്ചവയ്ക്കുന്നു. രണ്ട് ടെസ്റ്റില്‍ നിന്നും 12 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. നിര്‍ണായകമായ ഗാബാ ടെസ്റ്റ് ആരംഭിക്കാനിരിക്കേ ഈ പേസര്‍ക്കുമേല്‍ സമ്മര്‍ദ്ദം ഏറെയാണ്.
ഇന്ത്യയുടെ ബൗളിങ് ആക്രമണത്തെ നയിക്കുന്നത് ബുംറയാണ്. പെര്‍ത്ത് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് പുറത്തായശേഷം അദ്ദേഹം അഞ്ച് ഓസീസ് വിക്കറ്റുകള്‍ വീഴ്ത്തി. മുന്നില്‍ നയിക്കുകയും സന്ദര്‍ശകരുടെ ക്യാമ്പില്‍ ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്ത ബുംറ മികച്ച നേതൃപാടവം കാഴ്ച്ചവച്ചു.
ആധുനിക കാലഘട്ടത്തിലെ മികച്ച താരങ്ങളില്‍ ജസ്പ്രീത് ബുംറ വേറിട്ട വ്യക്തിത്വമായി വളര്‍ന്നുവെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ഗ്രെഗ് ചാപ്പല്‍ പറഞ്ഞു. 'ഞാന്‍ നേരിട്ട ഫാസ്റ്റ് ബൗളര്‍മാരില്‍ ഏറ്റവും സമ്പൂര്‍ണരായിട്ടുള്ളത് ഡെന്നിസ് ലില്ലിയും ആന്‍ഡി റോബര്‍ട്‌സും ആണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പാരമ്പര്യമായ രീതിയില്‍ അല്ലാത്ത ആക്ഷനും അതിമികവുറ്റ നിയന്ത്രണവും ഉള്ള ബുംറയെ എങ്ങനെ ഈ രണ്ടുപേരുമായി താരതമ്യം ചെയ്യാനാകും,' അദ്ദേഹം ചോദിച്ചു.
ബാറ്റ്‌സ്മാനെ അസ്ഥിരമാക്കാനുള്ള ലില്ലിയുടെ കഴിവ് ബുംറയ്ക്കുണ്ടെന്ന് ചാപ്പല്‍ പറയുന്നു. ലില്ലിയുടെ വിട്ടുവീഴ്ച്ചയില്ലാത്ത ആക്രമണോത്സുകത പോലെ ബുംറയുടെ തീക്ഷണതയും കൃത്യതയും അദ്ദേഹത്തെ ഒരു പേടിസ്വപ്‌നമാക്കുന്നു.
റോബര്‍ട്‌സിന്റെ ബുദ്ധിപരമായ സമീപനം ബുംറയ്ക്ക് ഉണ്ട്. റോബര്‍ട്‌സിന്റെ കളിമാറ്റി മറിക്കാനുള്ള പ്രകടനത്തിന്റെ ആധുനികകാലത്തെ പ്രതിധ്വനിയാണ് 2018-ല്‍ ഓസ്‌ട്രേലിയക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ബുംറ നേടിയ 6/33 എന്ന പ്രകടനം. ആന്‍ഡി റോബര്‍ട്‌സിന്റേതിന് സമാനമായ ആയാസരഹിതമായ റണ്ണപ്പാണ് ബുംറയുടേതുമെന്നും അദ്ദേഹം പറഞ്ഞു.
വലംകൈയ്യന്‍ ഫാസ്റ്റ് ബോളറായ ബുംറ ഇതുവരെ 42 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 19.96 ശരാശരിയില്‍ 185 വിക്കറ്റുകള്‍ നേടി. ഇന്ത്യയില്‍ നിന്നും ഉദയംകൊണ്ട മഹാന്‍മാരായ ബൗളര്‍മാരുടെ നിരയിലേക്കാണ് ബുംറയുടെ യാത്ര.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് തടസ്സമായി നില്‍ക്കുന്നത് ബുംറയാണെന്ന് ചാപ്പല്‍ പറയുന്നു.


