
2024-ലെ ഐസിസിയുടെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താര പുരസ്‌കാര പട്ടികയില്‍ ബുംറയും
ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഹാരി ബ്രൂക്കും കൂടാതെ ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസും ഉള്‍പ്പെടുന്നു.
2024-ല്‍ 13 മത്സരങ്ങളില്‍ നിന്നായി 14.92 ശരാശരിയില്‍ ബുംറ 71 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ബുംറ 4 മത്സരങ്ങളില്‍ നിന്നായി 30 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
2023-ലെ പരിക്കില്‍ നിന്നും മുക്തനായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ബുംറ 2024-ല്‍ ബൗളിങ്ങില്‍ മേധാവിത്വം പുലര്‍ത്തുകയാണെന്ന് ഐസിസി പറയുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന റെക്കോര്‍ഡ് ബുംറയുടെ പേരിലാകുമെന്ന് ഐസിസി പറയുന്നു.
പേസിനെ സഹായിക്കുന്ന ദക്ഷിണ ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും സ്പിന്നര്‍മാരെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളിലും ബുംറ മികച്ച പ്രകടനം കാഴ്ച്ചവച്ചു. നിലവില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പരമ്പരയാണ്. പെര്‍ത്തില്‍ ഇന്ത്യയ്ക്ക് 295 റണ്‍സ് വിജയം നേടി കൊടുത്തത് ബുംറയുടെ മികച്ച സ്‌പെല്ലുകളാണ്.