
ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടരുന്നു
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റല്‍ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ സി കൃഷ്ണകുമാര്‍ ചേലക്കരയില്‍ സി പി എമ്മിന്റെ യുആര്‍ പ്രദീപും വയനാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയും മുന്നിലാണ്. വയനാട്ടില്‍ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും ലീഡ് നില പ്രിയങ്ക നിലനിര്‍ത്തുകയാണ്.
കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുണ്ടായ വിധിയെഴുത്ത് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത്. കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്നും തെളിയിക്കണം.
തീയ്യതി പ്രഖ്യാപനം മുതല്‍ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വരെ അപ്രതീക്ഷിത രാഷ്ട്രീയനീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പ്. എന്നാല്‍, ആ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കൊന്നും കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ.