PHOTO: FACEBOOK
അടിപതറി ബൈജൂസ്; ബെംഗലൂരുവിലെ കെട്ടിടങ്ങൾ ഒഴിഞ്ഞു
വരുമാനം പെരുപ്പിച്ചു കാണിക്കുകയും കൃത്യമായി ഓഡിറ്റിങ്ങ് നടത്താതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അന്വേഷണ ഏജന്‍സികളുടെ വലയത്തിലായ ബൈജൂസ് ആപ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ബെംഗലൂരുവിലെ രണ്ട് വന്‍കിട ഓഫീസുകള്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 5.58 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കല്യാണി ടെക് പാര്‍ക്കിലെ ഓഫീസ് സ്‌പേസാണ് ഒഴിഞ്ഞിരിക്കുന്നത്. ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുന്നതോടെ വന്‍ വാടക ചെലവ് ഒഴിവാക്കാനാണ് ലക്ഷ്യം.
രാജ്യത്തെമ്പാടുമായി ബൈജൂസ് 30 ലക്ഷം ചതുരശ്ര അടി വരുന്ന ഓഫീസാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം മാത്രം 1,000 ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 2,500 ലധികം ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു.
വളര്‍ച്ചയുടെ പടവുകളില്‍
2019 ജൂണിലാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ബൈജൂസ് സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ഇടംനേടുന്നത്. പിന്നീട് വളര്‍ച്ചയുടെ നാളുകളായിരുന്നു. 2022 ഒക്‌ടോബറില്‍ 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പും ആയി ബൈജൂസ്.
2020 ല്‍ കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെയാണ് ബൈജൂസിന്റെ മൂല്യം കുതിച്ചുയര്‍ന്നത്. ഇതോടെ കമ്പനിയിലേക്ക് നിക്ഷേപങ്ങള്‍ ഒഴുകിയെത്തി. 2.5 ബില്യണ്‍ ഡോളറാണ് ഈ സമയത്ത് ബൈജൂസ് സമാഹരിച്ചത്. 150 ദശലക്ഷം വിദ്യാര്‍ത്ഥികളെ നേടിയ ബൈജൂസ് 20 കമ്പനികളെ ഏറ്റെടുക്കുകയും ചെയ്തു.
പതനത്തിന്റെ തുടക്കം
ബൈജൂസിന്റെ ആരംഭവും പതനവും വളരെ പെട്ടെന്നായിരുന്നു. കോവിഡിനുശേഷം സ്‌കൂളുകള്‍ തുറന്നതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം കുറഞ്ഞു. ഇതും കമ്പനികളുടെ ഏറ്റെടുക്കലുമാണ് ബൈജൂസിന്റെ വരുമാനത്തെ സാരമായി ബാധിച്ചത്. കഴിഞ്ഞ വര്‍ഷം വരെ 1.81 ലക്ഷം കോടി രൂപ വരെ ആസ്തിയുണ്ടായിരുന്ന കമ്പനിയുടെ മൂല്യത്തില്‍ ഈ വര്‍ഷം 77 ശതമാനത്തിന്റെ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2023 ന്റെ ആദ്യ പകുതിയോടെ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ബൈജൂസ് കൂപ്പുകുത്തിയിരിക്കുകയാണ്.
ഇതിനിടെയാണ് ഉയര്‍ന്ന മൂല്യത്തില്‍ മൂലധനം സ്വരൂപിക്കുന്നതായി വരുമാനം പെരുപ്പിച്ചു കാട്ടിയതും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡുകളും പ്രതിസന്ധിയുടെ ആഘാതം വര്‍ധിപ്പിച്ചു. ഇതോടെ ഓഹരി ഉടമകളുടെ പ്രതിനിധികളില്‍ പലരും ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജിവച്ചു.
ഏപ്രില്‍ അവസാനത്തോടെ ആയിരുന്നു ബൈജൂസിന്റെ ബെംഗലൂരു ഓഫീസുകളില്‍ ഇന്ത്യന്‍ ആദായ നികുതി ഉദ്യോസ്ഥര്‍ റെയ്ഡ് നടത്തിയത്. ലാപ്‌ടോപ്പുകളും മറ്റും പിടിച്ചെടുത്തു. വിദേശ നാണയ ഇടപാട് നിയമം ലംഘിച്ചതായും കണ്ടെത്തിയിരുന്നു.