TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

ജാതി വിവേചന നിരോധിത നിയമം പാസാക്കി അമേരിക്കയിലെ കാലിഫോർണിയ

12 May 2023   |   3 min Read
TMJ News Desk

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചന നിരോധിത നിയമം അമേരിക്കയിലെ കാലിഫോർണിയ സ്‌റ്റേറ്റ് സെനറ്റ് പാസാക്കി. യുഎസ്സിൽ നടക്കുന്ന ജാതി വിരുദ്ധ മുന്നേറ്റത്തിന് ഏറ്റവും പുതിയ ഉത്തേജനമായിരിക്കുകയാണ് ഈ നിയമം. കാലിഫോർണിയ സെനറ്റർ ആയിഷ വഹാബ് അവതരിപ്പിച്ച SB 403 ബിൽ നിലവിലുള്ള പൗരാവകാശ നിയമങ്ങൾക്കൊപ്പം കൂട്ടിച്ചേർത്തിരിക്കുകയാണ്. നിയമം പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ജാതി-മത വ്യത്യാസമില്ലാതെ തുല്യ അവകാശങ്ങൾ ലഭിക്കുന്നതിനുള്ള അർഹതയുണ്ടെന്ന് സെനറ്റർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ജാതി വിവേചനം അന്താരാഷ്ട്ര തലത്തിൽ

ഇന്ത്യൻ സാമൂഹ്യ ജീവിതത്തിന്റെ സവിശേഷതയായ ജാതി മർദനം അന്താരാഷ്ട്ര തലത്തിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്നത്. പ്രമുഖ അമേരിക്കൻ സർവകലാശാലകളും ഐഫോൺ നിർമാതാക്കളായ ആപ്പിൾ കമ്പനിയും ജാതി വിവേചനത്തെ ഇതിനോടകം കുറ്റകരമാക്കിയിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ മറ്റൊരു അമേരിക്കൻ നഗരമായ സിയാറ്റിൽ അധികൃതരും ഇത്തരമൊരു നിയമം നടപ്പിലാക്കിയിരുന്നു. ജോലി സ്ഥലങ്ങളിലും ടെക് മേഖലയിലും രാജ്യമെമ്പാടുമുള്ള നഗരങ്ങളിലും ജാതി വിവേചനം നിലനിൽക്കുന്നതായുള്ള ആരോപണങ്ങളെത്തുടർന്നാണ് നിയമം പ്രാബല്യത്തിലാക്കിയത്. അമേരിക്കയിൽ ടെക്‌നോളജി മേഖലയിൽ ജോലി ചെയ്യുന്ന ഏഷ്യൻ അമേരിക്കൻ വിഭാഗം അടക്കമുള്ളവർ ജാതിവിവേചനത്തിന് ഇരകളാകുന്നുണ്ട്. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിരുദ്ധമാക്കാൻ ആവശ്യപ്പെട്ടും ജന്മസ്ഥലമോ, വംശമോ അടിസ്ഥാനമാക്കി ആളുകളോട് വിവേചനം കാണിക്കുന്നതിനെതിരെയും അമേരിക്കയിലെ പ്രവാസി കൂട്ടായ്മകൾ ശബ്ദമുയർത്തിയിരുന്നു.

മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് അമേരിക്ക. 1980 കാലഘട്ടങ്ങളിൽ ഏകദേശം 206,000 ആയിരുന്ന ഇന്ത്യൻ ജനസംഖ്യ 2021-ഓടെ ഏകദേശം 2.7 ദശലക്ഷമായി വളർന്നു. 5.4 ദശലക്ഷം സൗത്ത് ഏഷ്യൻ ജനങ്ങളിൽ ഭൂരിഭാഗവും ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണ്. വിദ്യാഭ്യാസം, തൊഴിൽ, ജീവിത സാഹചര്യം എന്നിവയാണ് ഇന്ത്യക്കാരടങ്ങുന്ന സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങളെ ആകർഷിക്കുന്ന ഘടകങ്ങൾ. എന്നാൽ, ഇന്ത്യയിൽ കണിശമായി പിന്തുടർന്നു പോരുന്ന ജാതി മനോഭാവം ഇന്ത്യക്കാരോടൊപ്പം യുഎസ്സിലും എത്തുന്നുവെന്നാണ് അംബേദ്കറൈറ്റ് ചിന്തകരും ദലിത് മനുഷ്യാവകാശ പ്രവർത്തകരും പറയുന്നത്. മാത്രമല്ല, ജാതി ചിന്ത പിന്തുടരുന്ന മറ്റു ദക്ഷിണ ഏഷ്യൻ വംശജർക്കിടയിലും വിവേചനം നിലനിൽക്കുന്നതായും അവർ പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ ജാതി വിവേചനം നിരോധിക്കാൻ നിരവധി കോളേജുകളും സർവകലാശാലകളും പ്രത്യേകം നിയമങ്ങൾ കൊണ്ടുവന്നിരുന്നു. 2019 ഡിസംബറിൽ ബോസ്റ്റണിലെ ബ്രാൻഡീസ് യൂണിവേഴ്‌സിറ്റി ജാതി വിവേചനം നിരോധിച്ച അമേരിക്കയിലെ ആദ്യത്തെ കോളേജായി മാറി. കാലിഫോർണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കോൾബി കോളേജ്, ബ്രൗൺ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ എന്നിവരെല്ലാം പിന്നീട് ജാതി വിവേചനത്തിന് എതിരെ സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2021ൽ, ഹാർവാർഡ് യൂണിവേഴ്‌സിറ്റി, വിദ്യാർത്ഥി യൂണിയനുമായുള്ള ചർച്ചകളെത്തുടർന്ന് ജാതി സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ജാതി വിവേചനത്തിനെതിരെയുള്ള നിയമത്തെ പിന്തുണച്ച് സിയാറ്റിലിലും പുറത്തുമുള്ള ദളിത് പ്രവർത്തകർ രംഗത്തെത്തി. എന്നാൽ നിയമത്തെ  ചില ഹിന്ദു അമേരിക്കൻ സംഘടനകളും എതിർത്തിരുന്നു. നടപടി അനാവശ്യമാണെന്നും അമേരിക്കയിൽ നിലവിലുള്ള നിയമപ്രകാരം എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും നിരോധനം ഉണ്ടെന്നും സംഘടനാംഗങ്ങൾ പറഞ്ഞു.

കണക്കുകൾ വ്യക്തമാക്കുന്ന വിവേചനം

അമേരിക്കയിൽ നിലനിൽക്കുന്ന ജാതി വിവേചനത്തെക്കുറിച്ച് ആദ്യമായി ഒരു പഠന റിപ്പോർട്ട് പുറത്തുവരുന്നത് 2018ലാണ്. ഇന്ത്യക്കാരും, മറ്റു ദക്ഷിണ ഏഷ്യൻ വംശജരും സർവേയിൽ പങ്കെടുക്കുകയുണ്ടായി. ഇക്വാലിറ്റി ലാബ്‌സ് എന്ന സംഘടനയാണ് പഠനത്തിന് നേതൃത്വം നൽകിയത്. ആ പഠനത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ജാതിയുടെ പേരിൽ അധിക്ഷേപമോ, അക്രമമോ നേരിട്ടതായി സർവേയിൽ പങ്കെടുത്ത 25% ദലിതർ അഭിപ്രായപ്പെട്ടു. മൂന്നിൽ രണ്ടു പേർക്ക് ജോലി സ്ഥലത്തും ജാതി വിവേചനം നേരിട്ടു. വിദ്യാർത്ഥികളുടെ കൂട്ടത്തിൽ മൂന്നിലൊരാൾ വിവേചനം നേരിടുകയുണ്ടായി. 40% ദലിതരും, 14% ശൂദ്രരും ആരാധന കേന്ദ്രങ്ങളിൽ വിവേചനം നേരിട്ടതായും പഠനത്തിലൂടെ പുറത്തുവന്നു.

പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ അമേരിക്കയിൽ നിലനിൽക്കുന്ന മറ്റൊരു മനുഷ്യാവകാശ പ്രശ്‌നമായി ജാതിയും ഉയർന്നുവരികയായിരുന്നു. 2020ൽ ജാതി വിവേചനവുമായി ബന്ധപ്പെട്ട ആദ്യ കോടതി കേസും യുഎസ്സിലുണ്ടായി. സിസ്‌കോ എന്ന ടെക്ക് സ്ഥാപനത്തിനെതിരെയാണ് അന്ന് പരാതി ഉയർന്നത്. സിസ്‌കോയിലെ ഇന്ത്യൻ വംശജരായ രണ്ടു മാനേജർമാർ ദലിതനായ സഹപ്രവർത്തകനോട് വിവേചനപരമായി പെരുമാറി എന്നായിരുന്നു പരാതി. എന്നാൽ, പുറത്തുവന്ന ജാതി വിവേചനത്തിന്റെ കഥകൾ, അമേരിക്കൻ സമൂഹത്തിൽ വലിയ രീതിയിൽ ചർച്ചയാവുകയുണ്ടായി. വിവേചനത്തെ ചെറുക്കുന്നതിന് നിയമ നിർമ്മാണം പോലുള്ള നടപടികൾ വേണമെന്ന ആവശ്യവും ഉയർന്നു.

യുഎസ്സിലെ തന്നെ പുരോഗമന ചിന്താഗതിക്കാരായ വിദ്യാർത്ഥികൾ, അക്കാദമീഷ്യന്മാർ എന്നിവരുടെ പിന്തുണയും ഇതിന് ലഭിക്കുകയുണ്ടായി. ജാതി വിവേചനത്തെ ചെറുക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോർണിയ സ്റ്റേറ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ 2021 ഏപ്രിലിൽ പ്രമേയം പാസ്സാക്കി. തുടർന്ന് ഹാർവാർഡ്, ബ്രൗൺ, കാലിഫോർണിയ എന്നീ സർവകലാശാലകളും ജാതി വിവേചനം കുറ്റകരമാണെന്ന് പ്രഖ്യാപിച്ചു. ജാതി വിവേചനം തടയുന്നതിനായി ടെക് കമ്പനികൾ മാനേജർമാർക്ക് പരിശീലന പദ്ധതികളും തയ്യാറാക്കിയിരുന്നു.

ആയിരക്കണക്കിന് വർഷം മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രൂപം കൊണ്ടതാണ് ജാതി വ്യവസ്ഥ. ഇന്ത്യൻ ഭരണഘടന ജാതി വിവേചനം നിരോധിച്ചുവെങ്കിലും പല രൂപഭാവങ്ങളിൽ അതിന്നും ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യക്കാരൊടൊപ്പം അത് വിദേശ രാജ്യങ്ങളിലും കടന്നുചെല്ലുന്നു എന്നാണ് വസ്തുതകൾ വെളിവാക്കുന്നത്. ജാതി എന്ന സാമൂഹ്യ തിന്മ ആഗോള തലത്തിൽ ചർച്ചയാകുന്നത്, ഇന്ത്യയിലെ ജാതി വിരുദ്ധ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തു പകരുമെന്നു വേണം കണക്കാക്കാൻ.


#Daily
Leave a comment