
പ്രസിഡന്റിന്റെ ആരോഗ്യത്തക്കുറിച്ച് ചർച്ചചെയ്യുന്നത് നിയമവിരുദ്ധമെന്ന് കാമറൂൺ
കാമറൂൺ പ്രസിഡന്റ് 91 കാരനായ പോൾ ബിയയുടെ ആരോഗ്യത്തെക്കുറിച്ച് ഒരു തരത്തിലുള്ള ചർച്ചയും മാധ്യമങ്ങളിൽ പാടില്ലെന്നും, അത് നിയമവിരുദ്ധമാണെന്നും കാമറൂൺ ആഭ്യന്തര മന്ത്രാലയം. പൊതുവേദികളിൽ നിന്നുള്ള പോൾ ബിയയുടെ അസാന്നിദ്ധ്യമാണ് അദ്ദേഹം രോഗബാധിതനാണെന്ന ഊഹാപോഹത്തിന് വഴിയൊരുക്കിയത്.
പോൾ ബിയ ജനീവയിൽ ഒരു സ്വകാര്യ സന്ദർശനത്തിലാണെന്നും, ആരോഗ്യവാനാണെന്നും അറിയിച്ച് ഈ ആഴ്ച ആദ്യം ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം ബാധിച്ചുവെന്ന റിപ്പോർട്ടുകൾ വെറും കെട്ടുകഥകൾ ആണെന്നും അതിൽ അവകാശപ്പെട്ടു.
ഒക്‌ടോബർ ഒൻപതിന് റീജിയണൽ ഗവർണർമാർക്ക് അയച്ച കത്തിൽ, പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് രാജ്യസുരക്ഷയുടെ പ്രശ്‌നമാണെന്ന് ആഭ്യന്തര മന്ത്രി പോൾ അടങ്ക എൻജി പറഞ്ഞു. പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് മാധ്യമങ്ങളിൽ നടക്കുന്ന ഏതൊരു ചർച്ചയും കർശനമായി നിരോധിച്ചിരിക്കുന്നു. കുറ്റവാളികൾ ശക്തമായ നിയമനടപടികൾ നേരിടേണ്ടിവരും എന്ന് എൻജി പറഞ്ഞു.
സ്വകാര്യ മാധ്യമങ്ങളിലെയും സോഷ്യൽ നെറ്റ്‌വർക്കുകളിലെയും സംപ്രേക്ഷണം നിരീക്ഷിക്കാൻ യൂണിറ്റുകൾ സ്ഥാപിക്കാൻ അദ്ദേഹം ഗവർണർമാരോട് ഉത്തരവിട്ടു. ഈ നടപടി ഭരണകൂട സെൻസർഷിപ്പ് നടപടിയായും വിമർശനം നേരിട്ടു.
കാമറൂണിയക്കാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അദ്ദേഹം എവിടെയാണെന്ന് അവർ ആശങ്കപ്പെടുന്നത് സാധാരണമാണ്. യൗണ്ടെ ആസ്ഥാനമായുള്ള മാധ്യമ പ്രവർത്തകനും സ്വകാര്യ ഉടമസ്ഥതയിലുള്ള ടെലിവിഷൻ കനാൽ 2 ഇന്റർനാഷണലിന്റെ ടോക്ക് ഷോ അവതാരകനുമായ ഹൈസെന്ത് ചിയ പറഞ്ഞു.
ജോ ബൈഡന്റയും മറ്റ് ലോകനേതാക്കളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള ലിബറൽ ചർച്ചകൾ ഞങ്ങൾ കാണുന്നു, പക്ഷേ ഇവിടെ ഇത് നിഷിദ്ധമാണ് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.
മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള പ്രസ് ഫ്രീഡം അഡ്വക്കസി ഗ്രൂപ്പ് കമ്മിറ്റി ഭരണകൂട നടപടിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.
ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ, ദേശീയ സുരക്ഷയ്ക്ക് പിന്നിൽ ഒളിക്കാൻ ശ്രമിക്കുന്നത് മര്യാദയുടെ ലംഘനമാണെന്ന് സിപിജെയുടെ ആഫ്രിക്ക പ്രോഗ്രാം മേധാവി ഏഞ്ചല ക്വിന്റൽ പറഞ്ഞു.
സെപ്തംബർ ആദ്യം ബീജിങ്ങിൽ നടന്ന ചൈന ആഫ്രിക്ക ഫോറത്തിൽ പങ്കെടുത്തതിന് ശേഷം പോൾ ബിയയെ പൊതുവേദികളിൽ കണ്ടിട്ടില്ല. കഴിഞ്ഞ വാരാന്ത്യത്തിൽ ഫ്രാൻസിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകളും ചർച്ചകളും ആരംഭിച്ചത്.
1960 കളുടെ തുടക്കത്തിലാണ് കാമറൂൺ ഫ്രാൻസിൽ നിന്നും ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയത്. അതിന് ശേഷം ആറര ദശകത്തിനിടയിൽ രണ്ട് പ്രസിഡന്റുമാർ മാത്രമാണ് കാമറൂണിൽ അധികാരത്തിലെത്തിയത്. പോൾ ബിയയ്ക്ക് അധികാരത്തിൽ തുടരാൻ കഴിയാത്തവിധം അസുഖം വരുകയോ മരണമടയുകയോ ചെയ്താൽ പിന്തുടർച്ച പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.