REPRESENTATIONAL IMAGE: PTI
രണ്ട് ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിച്ച് കാനഡ; നടപടി ഇന്ത്യയുടെ ആവശ്യം പരിഗണിച്ച്
ഇന്ത്യ ആവശ്യപ്പെട്ട അഞ്ച് ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളില്‍ രണ്ടെണ്ണം നിരോധിച്ച് കാനഡ. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ രണ്ട് പ്രമുഖ ഖലിസ്ഥാന്‍ തീവ്രവാദ സംഘടനകളാണ് കാനഡ നിരോധിച്ചത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് നടപടി.
2002 ലാണ് തീവ്രവാദ നിരോധന നിയമപ്രകാരം ഇന്ത്യ സിഖ് യൂത്ത് ഫെഡറേഷനെ നിരോധിച്ചത്. വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും ഇന്ത്യ കൈമാറിയിരുന്നു. കാനഡയിലും പാകിസ്ഥാനിലും യൂറോപ്പിലുമായി 11 ഓളം ഖലിസ്ഥാന്‍ ഭീകരവാദികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
വേണ്ടത് ഒരുമിച്ചുള്ള അനുരഞ്ജനം
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിലെ അതൃപ്തി ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് അറിയിച്ചിരുന്നു. പിന്നീട് കനേഡിയന്‍ പാര്‍ലമെന്റിലും ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സര്‍ക്കാരിന്റെ നിലപാടാണു പ്രധാന പ്രശ്‌നമെന്നും ജയശങ്കര്‍ കുറ്റപ്പെടുത്തി. സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ഗുരുതര ആക്ഷേപവും നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രസക്തമായ വസ്തുതകള്‍ കാനഡ കൈമാറിയാല്‍ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു.
ട്രൂഡോയ്‌ക്കെതിരെ ഇലോണ്‍ മസ്‌ക്
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. കാനഡയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് ട്രൂഡോ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് മസ്‌ക് കുറ്റപ്പെടുത്തി. പോഡ്കാസ്റ്റുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസുകളുടെ നിയന്ത്രണങ്ങള്‍ക്കായി സര്‍ക്കാരിന് മുമ്പാകെ രജിസ്റ്റര്‍ ചെയ്യണമെന്ന കാനഡ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മസ്‌കിന്റെ പരാമര്‍ശം.