TMJ
searchnav-menu
post-thumbnail

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ | PHOTO: WIKI COMMONS

TMJ Daily

ഹര്‍ദീപ് സിങിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയെന്ന് കാനഡ; നിഷേധിച്ച് ഇന്ത്യ

19 Sep 2023   |   2 min Read
TMJ News Desk

കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം തള്ളി ഇന്ത്യ. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഖലിസ്ഥാന്‍ ഭീകരര്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയാണ് എന്നും കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കിയ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്, വിഷയത്തില്‍ കനേഡിയന്‍ ഗവണ്‍മെന്റ് കാണിക്കുന്ന അലംഭാവം ദീര്‍ഘ കാലമായി തുടരുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നു

കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നും അതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഉണ്ടെന്നുമുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ യുടെ കനേഡിയന്‍ തലവനെ പുറത്താക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ്. ഭീകരവാദികള്‍ക്ക് കാനഡ അഭയം നല്‍കുന്നു എന്നാണ് നിലവില്‍ ഇന്ത്യ ഉന്നയിക്കുന്ന ആരോപണം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചയടക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ജൂണ്‍ 18 നാണ് കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ സര്‍ക്കാര്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 40 ഭീകരരുടെ പട്ടികയില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പേരും ഉണ്ട്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധര്‍ ഭാര്‍സിംഗ്പൂര്‍ നിവാസിയാണ് ഹര്‍ദീപ് സിംഗ്. അജ്ഞാതരായ രണ്ട് അക്രമികള്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്, സംഭവസ്ഥലത്തു വച്ച് തന്നെ നിജ്ജാര്‍ മരണപ്പെടുകയായിരുന്നു.

2021 ല്‍ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ പിടികൂടുന്നതിനായി വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. സംഭവുമായി ബന്ധപ്പെട്ട് നിജ്ജാറിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് മൂന്നാഴ്ചക്ക് ശേഷമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. നിജ്ജാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. കമല്‍ജീത് ശര്‍മ, രാം സിംഗ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് മറ്റു പ്രതികള്‍. എന്‍ഐഎ പറയുന്നതനുസരിച്ച് ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പായ സിഖ് ഫോര്‍ ജസ്റ്റിസ്-ന്റെ വിഘടനവാദവും അക്രമാസക്തവുമായ അജണ്ടയും ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഹര്‍ദീപ് സിംഗ്.  

പഞ്ചാബില്‍ നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് നിജ്ജാര്‍ എന്നും അയാള്‍ക്കെതിരെ നടപടിയെടുക്കണം എന്നും ഇന്ത്യന്‍ സര്‍ക്കാര്‍ കനേഡിയന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ എന്നതിന് പുറമെ, സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റും നിജ്ജാര്‍ ആയിരുന്നു. 

ആരാണ് ഖലിസ്ഥാനികള്‍

നിര്‍മ്മലമായ ഭൂമി എന്നര്‍ത്ഥം വരുന്ന പഞ്ചാബി വാക്കാണ് ഖലിസ്ഥാന്‍. ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല എന്ന സിഖ് മത പ്രഭാഷകനാണ് ഈ സംഘടന രൂപീകരിച്ചത്. 1984 ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍  ഭിദ്രന്‍വാല കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ അതിനു ശേഷവും ഖലിസ്ഥാന്‍ വാദം ശക്തമായി തുടരുകയാണ്. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്നതാണ് സംഘടനയുടെ ലക്ഷ്യം. പല ഗ്രൂപ്പുകളായി വിഘടിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഒരുകാലത്ത് രാജ്യത്ത് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് വിഘടന വാദികള്‍ സൃഷ്ടിച്ചത്. ബ്രിട്ടന്‍, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഖലിസ്ഥാന്‍ വാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമൃത്പാല്‍ സിംഗിലൂടെയാണ് വീണ്ടും ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പറ്റിയുള്ള വാര്‍ത്തകള്‍ ഈ അടുത്ത കാലങ്ങളിലായി ഇന്ത്യയില്‍ ഉയര്‍ന്നു വന്നത്. പഞ്ചാബിലെ പല ഭാഗങ്ങളിലും ഖലിസ്ഥാന്‍ വാദം ഇന്നും ശക്തമായി തുടരുന്നു എന്നുള്ള നിരീക്ഷണങ്ങളും നിലവില്‍ ഉയര്‍ന്നു വരുന്നുണ്ട്.


#Daily
Leave a comment