മെലാനി ജോളി | WIKI COMMONS
നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ; നീക്കം ഇന്ത്യയുടെ ആവശ്യത്തെത്തുടര്‍ന്ന്
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ. കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ അവരുടെ 42 കുടുംബാംഗങ്ങളും കാനഡയിലേക്ക് മടങ്ങും.
ഇന്ത്യയില്‍ ഇനി അവശേഷിക്കുന്നത് 21 നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണെന്നും മെലാനി ജോളി അറിയിച്ചു. നേരത്തെ 41 കനേഡിയന്‍ നയതന്ത്രജ്ഞരുടെ പരിരക്ഷ ഒഴിവാക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാനഡ ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. ഇന്ത്യയുടെ നടപടിയെ മെലാനി ജോളി വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ നയതന്ത്ര പ്രതിരോധം റദ്ദാക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും മെലാനി ജോളി വ്യക്തമാക്കി.
ഈ മാസം പത്തിനകം ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കൂടുതലാണെന്നും അധികമുള്ളവരെ തിരികെ വിളിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. സമയപരിധി അവസാനിച്ചാല്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്കു നയതന്ത്ര പരിരക്ഷ ഉണ്ടാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡയുടെ നീക്കം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നു
കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും അതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഉണ്ടെന്നുമുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഭീകരവാദികള്‍ക്ക് കാനഡ അഭയം നല്‍കുന്നു എന്നാണ് നിലവില്‍ ഇന്ത്യ ഉന്നയിക്കുന്ന ആരോപണം. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചയടക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജൂണ്‍ 18 നാണ് കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ സര്‍ക്കാര്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 40 ഭീകരരുടെ പട്ടികയില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പേരും ഉണ്ട്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധര്‍ ഭാര്‍സിംഗ്പൂര്‍ നിവാസിയാണ് ഹര്‍ദീപ് സിംഗ്. അജ്ഞാതരായ രണ്ട് അക്രമികള്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്, സംഭവസ്ഥലത്തു വച്ച് തന്നെ നിജ്ജാര്‍ മരണപ്പെടുകയായിരുന്നു.
2021 ല്‍ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ പിടികൂടുന്നതിനായി വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിജ്ജാറിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. നിജ്ജാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. കമല്‍ജീത് ശര്‍മ, രാം സിംഗ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് മറ്റു പ്രതികള്‍. എന്‍ഐഎ പറയുന്നതനുസരിച്ച് ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പായ സിഖ് ഫോര്‍ ജസ്റ്റിസ്-ന്റെ വിഘടനവാദവും അക്രമാസക്തവുമായ അജണ്ടയും ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഹര്‍ദീപ് സിംഗ്.
പഞ്ചാബില്‍ നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് നിജ്ജാര്‍ എന്നും അയാള്‍ക്കെതിരെ നടപടിയെടുക്കണം എന്നും ഇന്ത്യന്‍ സര്‍ക്കാര്‍ കനേഡിയന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ എന്നതിന് പുറമെ, സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റും നിജ്ജാര്‍ ആയിരുന്നു.
ആരാണ് ഖലിസ്ഥാനികള്‍
നിര്‍മ്മലമായ ഭൂമി എന്നര്‍ത്ഥം വരുന്ന പഞ്ചാബി വാക്കാണ് ഖലിസ്ഥാന്‍. ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല എന്ന സിഖ് മത പ്രഭാഷകനാണ് ഈ സംഘടന രൂപീകരിച്ചത്. 1984 ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ ഭിദ്രന്‍വാല കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ അതിനു ശേഷവും ഖലിസ്ഥാന്‍ വാദം ശക്തമായി തുടരുകയാണ്. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്നതാണ് സംഘടനയുടെ ലക്ഷ്യം. പല ഗ്രൂപ്പുകളായി വിഘടിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഒരുകാലത്ത് രാജ്യത്ത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് വിഘടന വാദികള്‍ സൃഷ്ടിച്ചത്. ബ്രിട്ടന്‍, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഖലിസ്ഥാന്‍ വാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമൃത്പാല്‍ സിംഗിലൂടെയാണ് വീണ്ടും ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പറ്റിയുള്ള വാര്‍ത്തകള്‍ ഈ അടുത്ത കാലങ്ങളിലായി ഇന്ത്യയില്‍ ഉയര്‍ന്നു വന്നത്. പഞ്ചാബിലെ പല ഭാഗങ്ങളിലും ഖലിസ്ഥാന്‍ വാദം ഇന്നും ശക്തമായി തുടരുന്നു എന്നുള്ള നിരീക്ഷണങ്ങളും നിലവില്‍ ഉയര്‍ന്നുവരുന്നുണ്ട്.