
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചു. വരുംമാസങ്ങളില്‍ പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമന്ത്രി പദം ഒഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലിബറല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് ട്രൂഡോ രാജിവയ്ക്കുന്നത്. ഇന്ന് ലോക രാജ്യങ്ങളിലെ നേതാക്കളില്‍ ഏറ്റവും പ്രമുഖ പുരോഗമന നേതാവാണ് ട്രൂഡോ. അധികാരത്തിലെത്തി ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം അധികാരമൊഴിയുന്നത്. കാനഡയില്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ്-പൂര്‍വ സര്‍വേകളില്‍ മോശം പ്രകടനം ആണ് നടത്തുന്നത്.
ലിബറല്‍ പാര്‍ട്ടി നേതാവായ ട്രൂഡോ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 24 വരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു. മേയ് മാസത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടക്കില്ല. കൂടാതെ, ജനുവരി 20-ന് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് കാനഡയ്ക്ക് എതിരെ ഉയര്‍ത്തുന്ന താരിഫ് ഭീഷണികളേയും ട്രൂഡോ കൈകാര്യം ചെയ്യും.
കാനഡയില്‍ ഈ വര്‍ഷം ഒക്ടോബര്‍ 20-ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണം. വിലക്കയറ്റവും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വീടുകളുടെ കുറവും തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര് നേതൃത്വം നല്‍കിയാലും ലിബറലുകള്‍ തോല്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.
സമീപകാലത്തായി പാര്‍ട്ടിക്കുള്ളില്‍ ട്രൂഡോയ്‌ക്കെതിരെ വിമതശബ്ദം ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ ധനകാര്യമന്ത്രി രാജിവയ്ക്കുകയും ചെയ്തിരുന്നു.


