
പുരുഷന്മാര്ക്കിടയിലെ കാന്‍സര്‍ മരണങ്ങള് 2050 ആകുമ്പോഴേക്കും 93 ശതമാനം വര്‍ദ്ധിക്കുമെന്ന് പഠനം
പുരുഷന്മാരിലെ കാന്‍സര്‍ നിരക്കും കാന്‍സര്‍ മരണ നിരക്കും ആഗോളതലത്തില്‍ വര്‍ദ്ധിക്കുന്നതായി പഠനം. 2050 ആകുമ്പോഴേക്കും കാന്‍സര്‍ രോഗനിര്‍ണയത്തില്‍ 84 ശതമാനവും കാന്‍സര്‍ മരണങ്ങളില്‍ 93 ശതമാനവും വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്. പുരുഷന്മാര്ക്കിടയിലെ കാന്‍സര്‍ മരണങ്ങള് ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022 ലെ 5.4 ദശലക്ഷമെന്ന മരണ നിരക്ക് 2050 ആകുമ്പോള്‍ 10.5 ആയി വര്‍ദ്ധിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
ഗ്ലോബല്‍ കാന്‍സര്‍ ഒബ്സര്വേറ്ററിയില് നിന്നുള്ള ഡാറ്റ ഉപയോഗിച്ച്, 185 രാജ്യങ്ങളിലായി മുപ്പതിലധികം വ്യത്യസ്ത തരം അര്‍ബുദങ്ങളെ അടിസ്ഥാപ്പെടുത്തിയാണ് പഠനം നടന്നത്. 65 വയസും അതില്‍ കൂടുതലും പ്രായമുള്ള പുരുഷന്മാര്ക്ക് യുവാക്കളെ അപേക്ഷിച്ച് അതിജീവന നിരക്ക് കുറവാണെന്ന് പഠനം പറയുന്നു. പ്രായമായ പുരുഷന്മാരിലെ കാന്‍സര്‍ മരണങ്ങള് ഇതേ കാലയളവില്‍ 3.4 ദശലക്ഷത്തില്‍ നിന്ന് 7.7 ദശലക്ഷമായി ഉയരുമെന്ന് പഠനം കണ്ടെത്തി.
വിവിധ രാജ്യങ്ങളിലെ സാമ്പത്തിക നിലയനുസരിച്ച് കാന്‍സര്‍ ഫലങ്ങളിലെ വ്യത്യാസങ്ങള്‍ പഠനം സൂചിപ്പിക്കുന്നുണ്ട്. 2022 നും 2050 നും ഇടയില്‍ ആഫ്രിക്കയിലും കിഴക്കന്‍ മെഡിറ്ററേനിയനിലും കാന്‍സര്‍ കേസുകളുടെയും മരണങ്ങളുടെയും എണ്ണം 2.5 മടങ്ങായി വര്‍ദ്ധിക്കുമെന്ന് പഠനം പറയുന്നു. ആഗോള തലത്തിലെ ഈ വര്‍ദ്ധനവിന്റെ പ്രധാന കാരണം ശ്വാസകോശ അര്‍ബുദമാണെന്നാണ് കണ്ടെത്തല്‍. 2022 നും 2050 നും ഇടയില്‍ ഇത് 87 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും ഉണ്ടാകാന്‍ പോകുന്ന ഈ വര്‍ദ്ധനവിനെ നേരിടാനായി, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ പഠനം നിര്‍ദ്ദേശിക്കുന്നു. പുകവലിയും മദ്യപാനവുമാണ് പുരുഷന്മാര്ക്കിടയിലെ കാന്‍സര്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ആകെ കാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ 2050 ആകുമ്പോഴേക്കും 77 ശതമാനം വര്‍ദ്ധനവ് ഉണ്ടാകും. 35 ദശലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പഠനം. 115 രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ പഠനം നടന്നത്. ജനസംഖ്യാ വര്‍ദ്ധനവ്, വായുമലിനീകരണം, പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം എന്നിവയായിരുന്നു പഠനം ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങള്‍.