വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ച സംഭവം; ജോസ് കെ മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ മകൻ കെ.എം മാണി ഓടിച്ച വാഹനവും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന, മാത്യു ജോൺ(35) സഹോദരൻ ജിൻസ് ജോൺ(30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.
ജോസ് കെ മാണിയുടെ സഹോദരീഭർത്താവിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടസമയത്ത് വാഹനം ഓടിച്ചത് 47 വയസുള്ള ഒരാൾ എന്നായിരുന്നു പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. എന്നാൽ വാഹനം ഓടിച്ചത് ജോസ് കെ മാണിയുടെ 19 വയസുള്ള മകനാണെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു.
അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെ. എം മാണിക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.
മരിച്ച സഹോദരങ്ങൾ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നവരായിരുന്നു. കറിക്കാട്ടൂർ ഭാഗത്തുനിന്ന് മണിമല ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറായിരുന്നു ഇവർ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചു.