കാർലോ ആഞ്ചെലോട്ടി | PHOTO: WIKI COMMONS
കാർലോ ആഞ്ചെലോട്ടി ബ്രസീൽ പരിശീലകനാകും
2022 ഖത്തർ ലോകകപ്പിന് ശേഷം ബ്രസീൽ അവരുടെ പുതിയ പരിശീലകന് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. പല പേരുകളും പല ഘട്ടങ്ങളിൽ ആയി നമ്മൾ കേട്ടിരുന്നെങ്കിലും റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചെലോട്ടിയുടെ പേര് തന്നെയാണ് ഏറ്റവും ഉയർന്ന് കേട്ടിരുന്നത്. ആ വാർത്തയ്ക്ക് ഒരു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നു. ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് ഗോമസിൽ നിന്നാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഈ വർഷം റയലിന്റെ പരിശീലകനായി തുടർന്നതിന് ശേഷം അടുത്ത വർഷമായിരിക്കും ആഞ്ചലോട്ടി ബ്രസീൽ പരിശീലകനായി ചുമതലയേൽക്കുക. 2024ൽ യു.എസ്സിൽ വച്ച് നടക്കുന്ന കോപ്പ അമേരിക്കയ്ക്ക് മുൻപായിരിക്കും ആഞ്ചലോട്ടി ബ്രസീലിൽ എത്തുക.
എന്ത് കൊണ്ട് പുതിയ പരിശീലകൻ?
താരനിബിഡമാണ് എപ്പോഴും ബ്രസീലിന്റെ ഫുട്‌ബോൾ ടീം. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ടീമിലെ എല്ലാ പൊസിഷനിലും കളിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ പന്ത് തട്ടുന്ന കളിക്കാർ. ബ്രസീലിന്റെ സ്‌ക്വാഡ് ഡെപ്ത് പരിശോധിച്ചാൽ അത്രത്തോളം ഡെപ്ത് ഉള്ള ടീമുകൾ കുറവാണെന്ന് പറയാം. എല്ലാ കാലത്തും ഇത് ഇങ്ങനെയാണ് താനും. പക്ഷെ കഴിഞ്ഞ ലോകകപ്പിലുൾപ്പെടെ ഇത്രയും താര സമ്പന്നമായ ടീമുണ്ടായിട്ടും അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. 2002ലാണ് ബ്രസീൽ അവസാനമായി ലോകകപ്പ് ഉയർത്തുന്നത്. റൊണാൾഡോ, റൊണാൾഡിൻഹോ, റിവാൾഡോ, കഫു, റോബർട്ടോ കാർലോസ്, കാക തുടങ്ങിയ വമ്പൻ താരനിരയുമായി ലോകകപ്പ് ഉയർത്തിയ ആ ടീമിന്റെ കോച്ച് ലൂയിസ് ഫിലിപ്പ് സ്‌കൊളാരി ആയിരുന്നു. അതിന് ശേഷം പല മാനേജർമാരും ബ്രസീലിനായി കളി മെനഞ്ഞെങ്കിലും ബ്രസീലിന് ലോകകപ്പ് ഉയർത്താനായില്ല. ഇതിനിടെ ബ്രസീലിൽ നടന്ന ലോകകപ്പിൽ സ്‌കൊളാരി വീണ്ടും ബ്രസീലിന്റെ കോച്ചായെങ്കിലും ജർമനിയോട് ദയനീയമായി തോറ്റ് സെമി ഫൈനലിൽ പുറത്താവുകയായിരുന്നു. സെമി വരെ അത്യാവശ്യം മികച്ച രീതിയിൽ പന്ത് തട്ടിയ ബ്രസീലിന് സെമിയിൽ പിഴച്ചു. ലോകകപ്പ് നേടാനായില്ലെങ്കിലും ബ്രസീൽ ഈ വർഷങ്ങളിൽ കോപ്പ അമേരിക്ക കിരീടങ്ങളും കോൺഫെഡറേഷൻ കപ്പുമെല്ലാം നേടിയിട്ടുണ്ട്. പക്ഷേ ബ്രസീലുകാരെ സംബന്ധിച്ചടത്തോളം അവർക്ക് ലോകകപ്പിനെക്കാൾ മികച്ചതല്ല മറ്റൊന്നും. 2014 ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്തായതോടെ സ്‌കൊളാരിക്ക് പകരം ദുംഗ പരിശീലക സ്ഥാനത്തെത്തിയെങ്കിലും അദ്ദേഹം 2016 വരെ മാത്രമാണ് തുടർന്നത്. അതിന് ശേഷമാണ് ടിറ്റെ പരിശീലക കുപ്പായമണിയുന്നത്. ടിറ്റെ ബ്രസീലിനായി രണ്ട് ലോകകപ്പുകളിലും രണ്ട് കോപ്പ അമേരിക്കകളിലും പരിശീലക വേഷമണിഞ്ഞു. ആദ്യം റഷ്യയിൽ നടന്ന 2018 ലോകകപ്പായിരുന്നു. ആ വർഷം മികച്ച ഫോമിൽ നിൽക്കുന്ന ബെൽജിയത്തിനോട് ക്വാർട്ടറിൽ തോറ്റ് ബ്രസീൽ പുറത്തായി. എന്നാൽ 2019 കോപ്പ അമേരിക്കയിൽ മികച്ച് നിന്ന ബ്രസീൽ അത്തവണ സെമിയിൽ അർജന്റീനയെയും ഫൈനലിൽ പെറുവിനെയും തോൽപ്പിച്ച് കപ്പുയർത്തി. ആ വർഷം അർജന്റീന ഉൾപ്പടെയുള്ള ബ്രസീലിന്റെ എതിരാളികൾ താരതമ്യേന മോശം ഫോമിലായിരുന്നു എന്നുള്ളത് ഒരു വസ്തുതയായി നിലനിൽക്കുമ്പോൾ തന്നെ സൂപ്പർ താരം നെയ്മർ ആ തവണ ബ്രസീലിനായി കളിച്ചിരുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. അടുത്ത തവണ ബ്രസീലിൽ വച്ച് തന്നെ നടന്ന കോപ്പ അമേരിക്കയിൽ ഫൈനലിൽ അർജന്റീനയോട് തോറ്റ് പുറത്താവുകയായിരുന്നു. ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് ബ്രസീൽ തോറ്റ് പുറത്തായതോടെ ടിറ്റെ പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു.
ഡോൺ കാർലോ
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കുന്ന ആഞ്ചെലോട്ടി ആദ്യമായി പരിശീലക വേഷം അണിയുന്നത് 1992 ലാണ്. ഇറ്റലിയുടെ അസിസ്റ്റന്റ് കോച്ചായി ആരംഭിച്ച ആഞ്ചെലോട്ടി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിനെ കൂടാതെ എ.സി മിലാൻ, ചെൽസി, ബയേൺ മ്യൂണിക്, യുവന്റസ്, പി.എസ്.ജി തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച ആഞ്ചെലോട്ടി നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ വിജയിച്ച ഒരേ ഒരു മാനേജരാണ്. എ.സി മിലാനിനോടൊപ്പം 2003ലും 2007ലും ചാമ്പ്യൻസ് ലീഗ് നേടിയ ആഞ്ചെലോട്ടി, റയലിന് വേണ്ടി ചാമ്പ്യൻസ് ലീഗ് നേടിയത് 2014, 2022 വർഷങ്ങളിലാണ്. റയൽ മാഡ്രിഡിനായി മികച്ച പെർഫോമെൻസ് പുറത്തെടുക്കുന്നത് കൊണ്ടാവാം ഇദ്ദേഹത്തെ സ്പാനിഷ് മാധ്യമങ്ങൾ ഡോൺ കാർലോ എന്ന് വിളിക്കുന്നത്. ആദ്യമായാണ് ആഞ്ചെലോട്ടി ഒരു ദേശീയ ടീമിന്റെ പരിശീലകൻ ആവുന്നത്.
ഡോൺ ബ്രസീലിലെത്തുമ്പോൾ
അടുത്ത വർഷം യു.എസ്സിൽ വച്ച് നടക്കുന്ന കോപ്പ അമേരിക്കയിൽ കിരീടം ചൂടുക എന്നുള്ളത് തന്നെയായിരിക്കും ആഞ്ചെലോട്ടിയുടെ ആദ്യ വെല്ലുവിളി. ടൂർണമെന്റിൽ അർജന്റീന തന്നെയായിരിക്കും ബ്രസീലിന് വെല്ലുവിളി ഉയർത്തുന്ന പ്രധാന ടീം. ആഞ്ചെലോട്ടി ഇപ്പോൾ റയലിൽ പരിശീലിപ്പിക്കുന്ന വിനീഷ്യസ്, റോഡ്‌റിഗോ, മിലിട്ടാവോ എന്നിവർ ബ്രസീലിന്റെ പ്രധാന താരങ്ങളാണ്. നെയ്മറും, വിനീഷ്യസും, റോഡ്രിഗോയും, റാഫീന്യയും ഉൾപ്പെടുന്ന മുന്നേറ്റ നിരയെ ആഞ്ചെലോട്ടി എങ്ങനെ അണിനിരത്തുമെന്ന് ആരാധകർ ഉറ്റ് നോക്കുന്ന കാര്യമാണ്. മധ്യനിരയിൽ കാസമിറോയെ തന്നെയായിരിക്കും ആഞ്ചെലോട്ടി കടിഞ്ഞാൺ ഏൽപ്പിക്കുക. പ്രതിരോധത്തിലാണ് ആഞ്ചെലോട്ടിക്ക് കൂടുതൽ ചിന്തിക്കേണ്ടി വരിക. പ്രായം കൂടിയെങ്കിലും മികച്ച രീതിയിൽ കളിക്കുന്ന തിയാഗോ സിൽവയെ ആഞ്ചെലോട്ടി എന്ത് ചെയ്യുമെന്ന് കണ്ട് തന്നെ അറിയണം.