
മോഡിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍; തമിഴ് മാധ്യമം വികടന്റെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു
പൊട്ടിച്ചിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ കൈകാലുകളില്‍ ചങ്ങലയണിയിച്ച് ഇരുത്തിയിരിക്കുന്ന മോഡിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് തമിഴ് മാധ്യമമായ വികടന്റെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു. മോഡിയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞയാഴ്ച്ച മോഡി യുഎസ് സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ, യുഎസില്‍ നിന്നും അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൈകാലുകളില്‍ വിലങ്ങും ചങ്ങലയും അണിയിച്ച് യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് നാടുകടത്തുന്ന സംഭവവും ഉണ്ടായിരുന്നു. ഇതിനെതിരെ ഇന്ത്യയില്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും ചേര്‍ത്താണ് വികടന്‍ കാര്‍ട്ടൂണ്‍ വരച്ചത്.
കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ നടപടി ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകം വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മാധ്യമങ്ങളില്‍ ഒന്നാണ് വികടന്‍. 2026ല്‍ 100 വയസ്സ് തികയും.
അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊള്ളുമെന്ന് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ വികടന്‍ പറഞ്ഞു.
വിവിധ പ്രദേശങ്ങളിലെ ധാരാളം ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് വികടന്‍ പറഞ്ഞു. എന്നാല്‍, വികടന്റെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
വികടന്റെ ഡിജിറ്റല്‍ മാസികയായ വികടന്‍ പ്ലസ് ഫെബ്രുവരി 10നാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഈ കാര്‍ട്ടൂണിനെതിരെ അണ്ണാമലൈ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വെബ്‌സൈറ്റില്‍ സന്ദര്‍ശകര്‍ക്ക് എത്താന്‍ കഴിയാത്ത അവസ്ഥ സംജാതമായത്.
പ്രസ് കൗണ്‍സില്‍ ചെയര്‍മാനും പാര്‍ലമെന്ററി കാര്യ സഹ മന്ത്രി എല്‍ മുരുഗനും പരാതികള്‍ നല്‍കിയതായി അണ്ണാമലൈ പറഞ്ഞു. ഡിഎംകെയുടെ മുഖപത്രമായി വികടന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അണ്ണാമലൈ ആരോപിച്ചു.
അതേസമയം, വികടന്‍ വെബ്‌സൈറ്റിനെ ബ്ലോക്ക് ചെയ്ത നടപടിയെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അപലപിച്ചു.


