
ബിജെപിയും ആര്‍എസ്എസും സ്ഥാപനങ്ങള്‍ പിടിച്ചെടുത്തുവെന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ കേസ്
ബിജെപിക്കും ആര്‍എസ്എസിനും എതിരെ മാത്രമല്ല ഇന്ത്യന്‍ ഭരണകൂടത്തിനും എതിരെ പോരാടുകയാണെന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായസംഹിതയുടെ സെക്ഷന്‍ 152 പ്രകാരം രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരെയുള്ള പ്രവൃത്തിയിലേര്‍പ്പെടുക, സെക്ഷന്‍ 197 (1) പ്രകാരം ദേശീയോദ്ഗ്രഥനത്തിന് എതിരെ മുന്‍വിധിയോടെ പ്രസ്താവനകള്‍ നടത്തുക എന്നീ കുറ്റങ്ങളാണ് രാഹുലിന് എതിരെ ചുമത്തിയത്. ഇവ രണ്ടും ജാമ്യമില്ലാ കുറ്റമാണ്.
മൊഞ്ചിത് ചേതിയ എന്ന വ്യക്തി നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഒരു സാധാരണ രാഷ്ട്രീയ പ്രസ്താവനയല്ലെന്നും ഇന്ത്യയുടെ അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കും എതിരായ നേരിട്ടുള്ള വെല്ലുവിളിയാണെന്നും ഉടനടി നിയമ നടപടി ആവശ്യമുള്ളത് ആണെന്നും പരാതിക്കാരന്‍ അവകാശപ്പെടുന്നു.
ജനുവരി 15ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ തന്റെ പാര്‍ട്ടി ബിജെപിക്കും അതിന്റെ ആശയമാതാവായ ആര്‍എസ്എസുമായും മാത്രമല്ല പോരാടുന്നതെന്നും ഇന്ത്യന്‍ ഭരണകൂടവുമായിട്ടും പൊരുതുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയും ആര്‍എസ്എസും നമ്മുടെ രാജ്യത്തെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്തുവെന്നും നമ്മള്‍ ഇപ്പോള്‍ പോരാടുന്നത് ബിജെപിക്കും ആര്‍എസ്എസിനും എതിരെ മാത്രമല്ല, ഇന്ത്യന്‍ ഭരണകൂടത്തിനും കൂടി എതിരെയാണ് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാഹുലിന് നഗര നക്‌സലുകളുമായും ഇന്ത്യയെ കരിവാരിത്തേക്കാന്‍ ആഗ്രഹിക്കുന്ന ഡീപ് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ തുറന്ന യുദ്ധം രാഹുല്‍ പ്രഖ്യാപിച്ചുവെന്നായിരുന്നു ബിജെപി സോഷ്യല്‍ മീഡിയ സെല്ലിന്റെ തലവന്‍ അമിത് മാളവ്യയുടെ പ്രസ്താവന.