TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജിത്തിനെതിരായ കേസ്; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

27 Aug 2024   |   1 min Read
TMJ News Desk

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണ കേസ് പ്രത്യേക സംഘം ഇന്ന് ഏറ്റെടുക്കും. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് അന്വേഷണ സംഘത്തിന് കൈമാറുന്നത്. എസ്.പി ജി.പൂങ്കുഴലിയാണ് കേസിന്റെ ചുമതല വഹിക്കുന്നത്. പരാതിക്കാരിയുടെ വിശദമൊഴി രേഖപ്പെടുത്തിയതിന് ശേഷം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പരാതി നല്‍കിയ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കമുണ്ട്.

ബംഗാളില്‍ ഉള്ള പരാതിക്കാര്‍ക്ക് കൊച്ചിയിലെ കോടതിയില്‍ നേരിട്ട് ഹാജരാകാതെ ഓണ്‍ലൈന്‍ വഴി മൊഴിയെടുക്കാന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനുള്ള സമയം നീണ്ടു പോയാല്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനുള്ള അവസരം ലഭിച്ചേക്കും.

രഞ്ജിത്തിനെതിരെ പരാതി നല്‍കി നടി ശ്രീലേഖ മിത്ര 

തിങ്കളാഴ്ചയാണ് രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര പരാതി നല്‍കിയത്. ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കൊച്ചി പൊലീസ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജിവച്ചതിന് പിന്നാലെയാണ് നടി പരാതി നല്‍കിയത്. 

അതിക്രമം ഉണ്ടായത് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വച്ചാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലേഖ മിത്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രഞ്ജിത്ത് പറഞ്ഞതിന് പിന്നാലെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദുരനുഭവം തിരക്കഥാകൃത്ത് ജോഷി ജോസഫിനെ അറിയിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. പാലേരി മാണിക്യം എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ കൂടിക്കാഴ്ചയ്ക്കിടെ രഞ്ജിത്ത് ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയില്‍ നിന്നും രഞ്ജിത്ത് രാജിവയ്ക്കുന്നത്.


#Daily
Leave a comment