
വീണാ വിജയന്റെ കമ്പനിക്കെതിരായ കേസ്: കെഎസ്‌ഐഡിസിയുടെ ഹര്‍ജി വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്ത് വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കമ്പനിക്കെതിരെ അന്വേഷണം നടത്താനുള്ള ഉത്തരവിന്റെ പകര്‍പ്പ് നല്‍കാതെയാണ് പരിശോധന നടത്തുന്നതെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന വാദം. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പരാതിക്കാരനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജ് നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. എസ്.എഫ്.ഐ.ഒ യുടെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
വീണാ വിജയന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി
സി.എം.ആര്‍.എലുമായി ബന്ധപ്പെട്ട കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജി ഫെബ്രുവരി 16 ന് കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ വീണയെ ചോദ്യം ചെയ്യാന്‍ എസ്.എഫ്.ഐ.ഒ തയ്യാറെടുക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഹര്‍ജിയില്‍ എം നഗപ്രസന്നയുടെ ബെഞ്ചായിരുന്നു വിധി പറഞ്ഞത്.
അന്വേഷണത്തിന് ഉത്തരവിട്ടത് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം
കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് എക്സാലോജിക് ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ വീണാ വിജയനെതിരെ അന്വേഷണത്തിന് ആദ്യം ഉത്തരവിട്ടിരുന്നത്. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന് അനധികൃത്യമായി പണം ലഭിച്ചതിനെതിരെയാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. രണ്ട് കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ നേരത്തെ തന്നെ വീണയ്ക്ക് കത്തയച്ചിരുന്നു.