
മകളുടെ സ്ഥാപനത്തിലെ ജീവനക്കാരികളെ തട്ടിക്കൊണ്ട് പോയി; നടന്‍ കൃഷ്ണകുമാറിനെതിരെ കേസ്
മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയതിന് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനും ഭാര്യയ്ക്കും മക്കള്‍ക്കും എതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരികളുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികള്‍ ക്യുആര്‍ കോഡില്‍ തിരിമറി നടത്തി പണം തട്ടിയെടുത്തുവെന്ന് കൃഷ്ണകുമാര്‍ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ഈ പരാതിയിന്മേല്‍ കേസെടുത്തതിന് പിന്നാലെയാണ് ജീവനക്കാരികള്‍ തട്ടിക്കൊണ്ടുപോകലിന് പരാതി നല്‍കിയത്.
ജീവനക്കാരികള്‍ കുറ്റം സമ്മതിച്ച് എട്ട് ലക്ഷം രൂപ മടക്കി നല്‍കിയിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
കൃഷ്ണകുമാറും കുടുംബവും തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം വാങ്ങിയെന്നാണ് ജീവനക്കാരികളുടെ പരാതി. ദിയയുടെ വിശ്വസ്തരായ ജീവനക്കാരികളാണ് പണം തട്ടിയെടുത്തതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
കേസ് കൊടുക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലും കൃഷ്ണകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.


