രാജീവ് ചന്ദ്രശേഖര്‍ | PHOTO: PTI
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്
കളമശേരി സ്‌ഫോടനത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സ്‌ഫോടനത്തിനു പിന്നാലെ കേന്ദ്രമന്ത്രി ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍.
ഐപിസി 153 (വിദ്വേഷം പ്രചരിപ്പിക്കുക), 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വിഭാഗീയത പ്രചരിപ്പിക്കുക), കേരളാ പോലീസ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സൈബര്‍ സെല്‍ എസ്‌ഐ പ്രമോദിന്റെ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയതിന് ഇതുവരെ 18 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
കേന്ദ്രമന്ത്രി കൊടുംവിഷമെന്ന് മുഖ്യമന്ത്രി
കളമശേരിയില്‍ സ്‌ഫോടനം നടന്ന സ്ഥലവും പരുക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. തീവ്രവാദ ഗ്രൂപ്പുകളോടു മുഖ്യമന്ത്രി മൃദുസമീപനമാണ് പുലര്‍ത്തുന്നതെന്നും കോണ്‍ഗ്രസും ഇതിനു കൂട്ടുനില്‍ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ ബോംബു പൊട്ടിയപ്പോള്‍ പിണറായി വിജയന്‍ ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും സമാധാനം നിലനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയനും രംഗത്തുവന്നു. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല, കൊടും വിഷമാണ്. ഇതൊരു ആക്ഷേപമായല്ല, അലങ്കാരമായാണ് അദ്ദേഹം കാണുന്നത്. ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നതുപോലെയല്ല, വിടുവായന്‍ പറയുന്നതുപോലെയാണ് രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. വിഷാംശമുള്ളവര്‍ അതിങ്ങനെ ചീറ്റിക്കൊണ്ടിരിക്കും. ചില പ്രത്യേക വിഭാഗങ്ങള്‍ക്കുവേണ്ടി വര്‍ഗീയ നിലപാടു സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും കേരളം അതിനൊപ്പം നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധമറിയിച്ച് ബിജെപി
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേസ് എടുത്തത് തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനാണ്. പിണറായി വിജയന്റെ ഇരട്ടത്താപ്പും, ഇരട്ട നീതിയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വര്‍ഗീയ ചിന്താഗതിക്കാരെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് നടക്കുന്നത്. മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും പോലീസ് കേസെടുത്തില്ല. എന്നാല്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. ഇത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നടപടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.